തൃശൂര്‍: കഞ്ചാവ് ശേഖരിച്ച് വില്‍പന നടത്തിയതിന് കുന്നംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടാന്‍ കുന്നംകുളം പൊലീസ് ഉത്തരവ്. കേച്ചേരി ചിറനെല്ലൂര്‍ മണലി മേലേതലക്കല്‍ വീട്ടില്‍ സുനില്‍ ദത്തിന്റെ (48) ആസ്തികള്‍ എന്‍.ഡി.പി.എസ് സെക്ഷന്‍ 68 എഫ് നിയമ പ്രകാരം കണ്ടുകെട്ടുന്നതിനാണ് കുന്നംകുളം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഉത്തരവിട്ടത്. സുനില്‍ ദത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ആളാണ്.
മാരക ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള പൊലീസ് രൂപീകരിച്ചിട്ടുള്ള ഓപ്പറേഷന്‍ ഡി – ഹണ്ടിന്‌റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ആര്‍. ഇളങ്കോ നിര്‍ദ്ദേശിച്ച പ്രകാരമാണ് നടപടി. പ്രതിയുടെ വീട്ടില്‍ നിന്നും 7.900 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.പ്രതിയായ സുനില്‍ ദത്തിനെതിരെ കഞ്ചാവ് വില്‍പ്പനയ്‌ക്ക് 1985ല്‍ തൃശൂര്‍ എക്‌സ്‌നെസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പ്രതിയുടെ വീട്ടില്‍ നിന്നും 1500 കിലോ കഞ്ചാവും രണ്ട് കിലോ കഞ്ചാവ് കാറില്‍ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. വര്‍ഷങ്ങളായി പ്രതി ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കേച്ചേരിയില്‍ വില്‍ക്കുന്നുണ്ട്.
കുന്നംകുളം പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയായ സുനില്‍ ദത്തിന്റെ ആസ്തികള്‍ പരിശോധിച്ചിരുന്നു.സ്ഥിര വരുമാനമില്ലാത്ത പ്രതി കഞ്ചാവ് വിറ്റതില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് വസ്തു വകകളും വാഹനവും വാങ്ങിയയെന്നും വാങ്ങിയആസ്തികള്‍ ഭാര്യയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ബോധ്യപ്പെട്ടു. ഇയാളുടെ 18,53,000 രൂപ മതിപ്പു വില വരുന്ന വീടും 10,00,000 രൂപ മതിപ്പ് വില വരുന്ന കാറും കണ്ടുകെട്ടുന്നതിനുള്ള ഉത്തരവിട്ട് ചെന്നൈയിലുള്ള അതോറിറ്റിക്ക് നടപടികള്‍ക്കായി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: