പാലക്കാട്: ഒമ്പതാമത് സ്വാമി നിര്‍മലാനന്ദ പുരസ്‌കാരം 20ന് വൈകിട്ട് 4 ന് ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുന്‍ പ്രസിഡന്റുമായ ഡോ. എം. ലക്ഷ്മികുമാരിക്ക് സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീരാമകൃഷ്ണന്റെ ശിഷ്യനും കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ സ്വാമി നിര്‍മലാനന്ദയുടെ സ്മരണക്കായി ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമവും സിംഗപ്പൂര്‍ തുളസി ബുക്‌സും സംയുക്തമായി നല്‍കിവരുന്നതാണ് പുരസ്‌കാരം. ഫലകവും പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം.
തൃശൂര്‍ ശാരദാ മഠം അധ്യക്ഷ പ്രവ്രാജിക വിമല പ്രാണാ മാതാജി സ്വാമി നിര്‍മലാനന്ദ പുരസ്‌കാരം ഡോ. എം. ലക്ഷ്മികുമാരിക്ക് സമ്മാനിക്കും. പുരസ്‌കാര സമിതി ചെയര്‍മാനും ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷനുമായ സ്വാമി കൈവല്യാനന്ദ പുരസ്‌കാര തുക സമര്‍പ്പിക്കുകയും പ്രസാദി വസ്ത്രം അണിയിക്കുകയും ചെയ്യും. സ്വാമി ഗീതസാരാനന്ദ, സ്വാമി ധര്‍മസ്വരൂപാനന്ദ എന്നിവരും പ്രസാദി വസ്ത്രം അണിയിക്കും. ഡോ. ദുര്‍ഗാ പിഷാരം പ്രശസ്തി പത്രം വായിക്കും. റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് ഇന്ദിരാ കൃഷ്ണകുമാര്‍ സ്വാമി നിര്‍മലാനന്ദ സ്മാരക പ്രഭാഷണം നടത്തും. സ്വാമി മോക്ഷവ്രതാനന്ദ, ഡോ. ലക്ഷ്മിശങ്കര്‍, പി.ടി. നരേന്ദ്രമേനോന്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ നിയുക്ത മഠാധിപതി സ്വാമി ഗീതാസാരാനന്ദ, തുളസി ബുക്സ് പ്രതിനിധി പ്രകാശ് കാമനാട്ട്, പാലത്തോള്‍ പരമേശ്വരന്‍ നമ്പൂതിരി, ആശ്രമം സെക്രട്ടറി സ്വാമി ധര്‍മസ്വരൂപാനന്ദ, എ.കെ. ശങ്കരനാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: