ലണ്ടന്‍: സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാധ്യതയെക്കുറിച്ച് ഇന്നോളമുള്ളതിനെക്കാള് ഏറ്റവും ശക്തമായ സൂചനകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം ഒരു അന്യഗ്രഹാന്തരീക്ഷത്തില് കണ്ടെത്തി. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ നിര്‍ണായക കണ്ടെത്തലെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
കേംബ്രിഡ്ജ് സര്‍വകലാശാലാ ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച പഠനം തുടരുന്നത്. ഡൈമീഥൈല്‍ സള്‍ഫൈഡ് (ഡിഎംഎസ്), ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് (ഡിഎംഡിഎസ്) വാതകങ്ങളാണ് കെ2-18 ബി എന്നു പേരിട്ട ഗ്രഹത്തെ നിരീക്ഷിച്ചതില്‍ നിന്നു കണ്ടെത്തിയത്. ഭൂമിയില്‍ ജീവജാലങ്ങള്‍ ഉത്പാദിപ്പിക്കുന്നവയാണ് ഇവ. ആല്‍ഗകള്‍ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
യഥാര്‍ത്ഥ ജീവജാലങ്ങള്‍ ഈ ഗ്രഹത്തിലുണ്ട് എന്ന് കണ്ടെത്തിയതായുള്ള പ്രഖ്യാപനമായി പഠനത്തെ കാണരുതെന്ന് പ്രത്യേകം പറയുന്നുണ്ട്. ഇതുവരെ കാണാത്ത ജൈവ പ്രക്രിയയുടെ സൂചനയാണിത്.
ജീവജാലങ്ങള്‍ വസിക്കാനിടയുള്ള അന്യഗ്രഹ ലോകത്തിന്റെ ആദ്യ സൂചനകളാണിതെന്ന് ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ആസ്ട്രോണമി ഇന്‍സ്റ്റിറ്റിയൂട്ടിലെ ആസ്ട്രോഫിസിസ്റ്റ് നിക്കു മധുസൂദനനാണ് പഠനത്തിന്റെ മുഖ്യ രചയിതാവ്.
കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും കണ്ടെത്തലുകളെ ജാഗ്രതയോടെ കാണണമെന്നും പഠനത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗരയൂഥത്തിന് അപ്പുറത്തേക്ക് ജീവന്റെ തുടിപ്പു തേടിയുള്ള അന്വേഷണത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2- 18 ബി. സൂര്യനേക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെ ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അടുത്ത ആഴ്ച തന്നെ ആരംഭിക്കുന്ന ഡാറ്റ വിശകലനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: