ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വ്യാഴാഴ്ച ജവഹർലാൽ നെഹ്റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഏപ്രിൽ 25 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്,ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപി മത്സരിക്കും.
അമേരിക്കൻ സ്റ്റഡീസിലെ ഗവേഷക വിദ്യാർഥിനി ശിഖ സ്വരാജാണ് എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് യഥാക്രമം നിട്ടു ഗൗതം , കുനാൽ റായ്, വൈഭവ് മീണ എന്നിവർ മത്സരിക്കും.
ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി,ജോയന്റ് സെക്രട്ടറി എന്നീ പദവികളിലേക്ക് വാശിയേറിയ പോരാട്ടമാണ് നടക്കാറുള്ളത്. പതിനാറ് സ്കൂളുകളിൽ നിന്നും, മറ്റ് സംയുക്ത ഗവേഷക കേന്ദ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 42 കൗൺസിലർമാരും സർവ്വകലാശാല യൂണിയന്റെ ഭരണ നിർവ്വഹണത്തിൽ നിർണായക പങ്ക് വഹിക്കുന്നവരാണ്. ഈ പദവികളിലേക്കുള്ള സ്ഥാനാർത്ഥികളെയും എബിവിപി വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
എബിവിപി സ്ഥാനാർഥികൾ
ശിഖ സ്വരാജ് : പ്രസിഡന്റ്
ബീഹാറിലെ നാവാഡ സ്വദേശിനിയാണ് പ്രസിഡന്റ് സ്ഥാനാർഥി ശിഖ സ്വരാജ്. പാട്ന കോളേജിലും നിന്നും ബയോളജിയിൽ ബിരുദം നേടിയ അവർ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിലാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കത്. നിലവിൽ ശിഖ അമേരിക്കൻ സ്റ്റഡീസിലെ ഗവേഷണ വിദ്യാർത്ഥിനിയാണ് .
നിട്ടു ഗൗതം : വൈസ് പ്രസിഡന്റ
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ദീപിക നിട്ടു ഗൗതം തെലങ്കാന സ്വദേശിയാണ്. ഫരീദാബാദിലെ ലിംഗായ വിദ്യാപീഠിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ B-tech നേടിയ അദ്ദേഹം M-Tech പഠനം പൂർത്തിയാക്കിയത് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നാണ്. നിലവിൽ അദ്ദേഹം സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിലെ ഗവേഷണ വിദ്യാർത്ഥിയാണ്.
കുനാൽ റായ് : ജനറൽ സെക്രട്ടറി
ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായ കുനാൽ റായ് ബീഹാർ സ്വദേശിയാണ്. ദൽഹി സർവ്വകലാശാലയിലെ ശഹീദ് ഭഗത് സിംഗ് കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിലാണ് അദ്ദേഹം ബിരുദം നേടിയത്. ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കുനാൽ നിലവിൽ സ്കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിലെ ഗവേഷക വിദ്യാർഥിയാണ്.
വൈഭവ് മീണ : ജോയിന്റ് സെക്രട്ടറി
രാജസ്ഥാനിലെ കരൗലിയിലെ കർഷക കുടുംബത്തിൽ ജനിച്ച വൈഭവ് രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്നാണ് ബിരുദം നേടിയത്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഹിന്ദിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അദ്ദേഹം നിലവിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ school of language and cultural studies ലെ ഗവേഷക വിദ്യാർഥിയാണ്. ഹിന്ദിയിൽ JRF ലഭിച്ചിട്ടുള്ള അദ്ദേഹം നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി രണ്ട് വർഷം പ്രവർത്തിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയിച്ചാൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും , വിദ്യാർത്ഥികളുടെ സുരക്ഷ ശക്തമാക്കാനും അതേപോലെ മികവുറ്റ വിദ്യാഭ്യാസം ഉറപ്പുവരുത്താനും എബിവിപി പരിശ്രമിക്കും എന്നും ഈ വിഷയങ്ങൾ മുൻ നിർത്തിയാകും തങ്ങളുടെ പ്രചാരണ പരിപാടികൾ എന്നും എബിവിപി ഇലക്ഷൻ ഇൻ ചാർജ്ജ് അർജുൻ ആനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: