തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയ ഗസൽ ഗായകൻ അലോഷിക്കെതിരെ പരാതി നൽകി കോൺഗ്രസ്. ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കിയത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു അലോഷിയുടെ വിപ്ലവഗാനാലാപനം.
കഴിഞ്ഞ മാസം കൊല്ലം കടയ്‌ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം പാടിയതിനെതിരെ ഹൈക്കോടതിയുടെ നിർദേശപ്രകാരം അലോഷിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. അമ്പല പറമ്പിൽ വിപ്ലവഗാനം പാടിയത് ലാഘവത്തോടെ കാണാനാകില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു. ആ കേസ് നിലനില്‍ക്കവെയാണ് അലോഷി വീണ്ടും വിപ്ലവഗാനം ആലപിച്ചത്. നൂറ് പൂക്കളെ ലാൽ സലാം എന്ന ഗാനമാണ് അലോഷി പാടിയത്. വിപ്ലവഗാനം പാടുമ്പോള്‍ അലോഷിയെ പ്രോത്സാഹിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
കഴിഞ്ഞ ഏഴാം തീയതി ക്ഷേത്രത്തില്‍ ഒരു ഗസല്‍ പ്രോഗ്രാം നടക്കാന്‍ പോകുന്നുവെന്നും അതില്‍ വിപ്ലവഗാനം ആലപിക്കാന്‍ സാധ്യത ഉണ്ടെന്നും കാണിച്ച് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് എസ്പി ഉറപ്പുനല്‍കിയിരുന്നതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഉത്സവം കൂടാനാണ് ക്ഷേത്രത്തിൽ ഭക്തർ എത്തുന്നതെന്നും ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്നും കടയ്‌ക്കൽ കേസിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് ലംഘിച്ചാണ് അവനവഞ്ചേരിയിലും അലോഷി വിപ്ലവ ഗാനം ആലപിച്ചത്.
അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ് കുറ്റം. ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: