തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്ന് കവടിയാര്‍ നിവാസികള്‍. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ജനസദസ്സിലാണ് ആവശ്യം ഉയര്‍ന്നത്.
ജവഹര്‍ നഗറില്‍ മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനങ്ങളില്ല. റോഡിന്റെ സൈഡിലും മറ്റുമായി മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ്. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് ഹരിതകര്‍മ്മ സേന ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങള്‍ കോര്‍പ്പറേഷന്റെ ഭാഗത്തും നിന്നും ശേഖരിക്കുന്നില്ല. വികേന്ദ്രികൃത മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ജനസദസ്സില്‍ ആവശ്യമുയര്‍ന്നു.
മഴ പെയ്താല്‍ പോലും കവടിയാര്‍ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ് ഉണ്ടാവുന്നത്. ഇതിന് ശാശ്വത പരിഹാരം വേണം, ഓടകള്‍ മൂടിയതാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം. ഉദയപാലസ് മുതല്‍ പൈപ്പിന്കോട് വരെയുള്ള മൂടിയ ഓടകള്‍ നവീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. കവടിയാറിലെ ജവഹര്‍ നഗര്‍ പാര്‍ക്ക് മയക്കുമരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കൊച്ചു കുട്ടികള്‍ മുതല്‍ രാവുംപകലുമെന്നുമില്ലാതെ ഇവിടെ നിത്യസന്ദര്‍ശകരാണ്. പോലീസ് പരിശോധന കാര്യമായ രീതിയില്‍ നടക്കുന്നില്ല. പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.
കവടിയാര്‍ പ്രദേശത്ത് അജ്ഞാതരായിട്ടുള്ള നിരവധി പേര് കറങ്ങി നടക്കുന്നതായി പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവരം പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. മോഷണം പോലുള്ള കുറ്റങ്ങള്‍ ഇവിടെ പെരുകുന്നതായും പ്രദേശവാസികള്‍ പറുന്നു. പോലീസ് പരിശോധന നടത്തണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ജവഹര്‍നഗര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന പരിപാടി ഡോ. മധുസൂദനന് പിള്ള ഉദ്ഘാടനം ചെയ്തു. ചിത്രാലയം രാധാകൃഷ്ണന്, വി.പി. ആനന്ദ്, രവീന്ദ്രന് നായര്‍, സരൂണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: