ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കു വഹിച്ചെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടെന്നും തഹാവൂര്‍ ഹുസൈന്‍ റാണ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സുറ ഓഫ് സാക്കി എന്നറിയപ്പെടുന്ന സാക്കി-ഉര്‍-റഹ്മാന്‍ ലഖ്‌വിയുമായി സഹകരിച്ചാണ് ഐഎസ്‌ഐ ആക്രമണത്തിനു മേല്‍നോട്ടം വഹിച്ചത്. ലഖ്‌വിയുമായുള്ള കൂടിക്കാഴ്ചയില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഐഎസ്‌ഐയുടെയും ഉന്നതര്‍ പങ്കെടുത്തെന്നും റാണ വെളിപ്പെടുത്തി.
കാനഡയില്‍, ഇസ്ലാമിക മതമൗലികവാദ സംഘടനയായ മര്‍ക്‌സ് ഉദ് ദവാതിന്റെ (എംഡിഐ) മറവില്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും റാണ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സംഘടനയെ ഇപ്പോള്‍ ജമാഅത്ത് ഉദ് ദവ എന്ന് പുനര്‍ നാമകരണം ചെയ്തു. ഇതിനു ലഷ്‌കറുമായി നേരിട്ടു ബന്ധമുള്ളതായാണ് വിവരം. സംഘടന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ റിക്രൂട്ടിങ്, ഫണ്ടിങ് എന്നിങ്ങനെ ഭീകരതയെ പിന്തുണയ്‌ക്കുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇല്യാസ് കശ്മീരി നേതൃത്വം നല്കിയിരുന്ന, ഹിസ്ബുള്‍ മുജാഹുദീന്റെ 313 ബ്രിഗേഡുമായി റാണയ്‌ക്കു നേരിട്ടു ബന്ധമുണ്ടെന്ന് എന്‍ഐഎ വെളിപ്പെടുത്തി. റാണയുടെ ദുബായ് ബന്ധത്തിലുള്ള അന്വേഷണം എന്‍ഐഎ കൂടുതല്‍ ശക്തമാക്കി. ആഗോള ഭീകരനായ സാജിത് മീറിന്റെയും മേജര്‍ ഇക്ബാലിന്റെയും ആവശ്യ പ്രകാരം രഹസ്യാന്വേഷണ ദൗത്യങ്ങള്‍ നടത്താന്‍ റാണ ഹെഡ്‌ലിക്കു നിര്‍ദേശം നല്കി. കൂടാതെ ഭാരതത്തിലെ ഉന്നതരും സ്വാധീനമുള്ളവരുമായ വ്യക്തികളുമായി അടുത്ത ബന്ധം സൂക്ഷിക്കാനും ഹെഡ്‌ലിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: