ലിമ: പാരീസ് ഒളിമ്പിക്സിലെ ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കറിനെ മറികടന്ന് കൗമാരതാരം സുരുചി ഇന്ദര്‍ സിങ് ഭാരതത്തിനായി വീണ്ടും അത്ഭുതം കാട്ടി. ഐഎസ്എസ്എഫ് ലോകകപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 243.6 പോയിന്റോടെയാണ് സുരുചിയുടെ പൊന്‍നേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1.3 പോയിന്റുകള്‍ക്കാണ് മനു ഭാക്കറിന് വെള്ളി മെഡലായി പോയത്. ഭാരത സമയം ഇന്നലെ നടന്ന മത്സരങ്ങളില്‍ രാജ്യത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത് സൗരഭ് ചൗധരിയാണ്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ആണ് സൗരഭിന്റെ നേട്ടം.
22കാരനായ സൗരഭ് 219.1 ഷോട്ട് നേടിയാണ് വെങ്കലം ഉറപ്പിച്ചത്. ഈ ഇനത്തില്‍ ചൈനയുടെ കായി ഹു(246.4) സ്വര്‍ണം നേടിയപ്പോള്‍ ബ്രസീലിന്റെ ഫെലിപെ അല്മീദിയ(241) വെള്ളി നേടി. ലോക ഒന്നാം നമ്പര്‍ താരമാണ് സ്വര്‍ണം നേടിയ കായി ഹു.ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാമതായിരുന്ന സൗരഭ് പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ ആഴ്ച്ച അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ സുരുചി ഫോഗാട്ടുമൊത്ത് സൗരഭ് മിക്സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയിരുന്നു.
വനിതകളുടെ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ മൂന്ന് ഭാരത താരങ്ങളുണ്ടായിരുന്നു. 582 പോയിന്റുമായി സുരുചി രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് മുന്നേറിയത്. മനു ഭാക്കര്‍ (578) നാലാം സ്ഥാനത്തായിരുന്നു. ഇവരെ കൂടാതെ സയിന്യാം (571) ഫൈനലില്‍ പ്രവേശിച്ചത് 11-ാം സ്ഥാനക്കാരിയായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: