ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കെയര്‍ ഫോര്‍ ആലപ്പിയുമായി ചേര്‍ന്ന് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി സിസിടിവി കാമറകള്‍ സ്ഥാപിച്ചു. ഉദ്ഘാടനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിച്ചു. രണ്ടര ലക്ഷം രൂപ ചെലവില്‍ ഏഴ് കാമറകളാണ് സ്ഥാപിച്ചത്. ഏറെ നാളായി ബസ് സ്റ്റാന്‍ഡും പരിസരവും രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. യാത്രക്കാരുടെയും പ്രദേശ വാസികളുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രണ്ട് കാമറയും ഫയര്‍ സ്റ്റേഷന്‍, റെസിഡന്‍സ് ഏരിയ, മാതാ ജെട്ടി, കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിനു സമീപം, ജോസ് ആലൂക്കാസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതം കാമറകളുമാണ് സ്ഥാപിച്ചത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: