ശബരിമല ഭണ്ഡാരത്തില്‍ മാലിന്യത്തോടൊപ്പം കിടക്കുന്ന നാണയങ്ങളും നിലത്ത് ചിതറിക്കിടക്കുന്നവയും
പത്തനംതിട്ട: ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ ലക്ഷക്കണതിന് രൂപയുടെ കറന്‍സി നോട്ടുകള്‍ മാലിന്യത്തോടൊപ്പം കെട്ടിക്കിടന്ന് നശിച്ചു. എണ്ണി തിട്ടപ്പെടുത്താത്ത നോട്ടുകള്‍ ഇരുനൂറില്‍ പരം കൂടകളിലാക്കി ഭണ്ഡാരത്തില്‍ തള്ളിയ നിലയിലാണ്. ശബരിമല ഉത്രം ഉത്സവത്തിനും മേടമാസ-വിഷു പൂജകള്‍ക്കുമായി ഏപ്രില്‍ ഒന്നിന് നട തുറന്ന ശേഷം രാത്രി എട്ടു മണിയോടെയാണ് ഭണ്ഡാരത്തില്‍ നോട്ടുകെട്ടുകളും നാണയങ്ങളും ഭക്തര്‍ സമര്‍പ്പിച്ച പൂജാദ്രവ്യങ്ങളും കണ്ടെത്തിയത്.
മകരവിളക്ക് കഴിഞ്ഞ് ലഭിച്ച നോട്ടുകളും കുംഭം, മീനം മാസങ്ങളില്‍ ലഭിച്ച നോട്ടുകളുമാണ് ഇവയെന്ന് കരുതുന്നു. മാലിന്യത്തോടൊപ്പം ദ്രവിച്ച നിലയില്‍ കണ്ടെത്തിയ നോട്ടുകള്‍ ഉത്സവത്തിന് നട തുറന്ന ശേഷം കഴിഞ്ഞ ഏഴാം തീയതി വരെ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. ഇതു സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ജി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരാതി നല്കിയിരുന്നു.
എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബോര്‍ഡ് തയാറായിട്ടില്ല. സാധാരണ നിലയില്‍ പരാതി ദേവസ്വം വിജിലന്‍സിന് കൈമാറി അടിയന്തര അന്വേഷണത്തിന് നടപടി സ്വീകരിക്കേണ്ടതാണ്. മകരവിളക്ക് കാലം മുതല്‍ മേടം വരെ ദണ്ഡാരത്തിന്റെ ചുമതല വഹിച്ച സ്പെഷല്‍ ഓഫീസര്‍മാരാണ് ഇതിന് ഉത്തരവാദികളെന്ന് എംപ്ലോയീസ് സംഘ് കുറ്റപ്പെടുത്തുന്നു.
വെള്ളം വീണ് ദ്രവിച്ച നോട്ടുകളാണ് ഇത്തരത്തില്‍ കാണപ്പെട്ടതെന്ന് വരുത്തി തീര്‍ത്ത് പ്രശ്നത്തില്‍ നിന്നും തലയൂരാനാണ് ദേവസ്വം അധികൃതര്‍ ശ്രമിക്കുന്നതെന്ന് സൂചനയുണ്ട്. ഇത്തരത്തില്‍ കേടായ നോട്ടാണ് ഇവയെങ്കില്‍ അടിയന്തരമായി അവ തിരുവനന്തപുരത്ത് എത്തിച്ച് സ്റ്റേറ്റ് ബാങ്കിന് കൈമാറി പണമാക്കി മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ അതിനുള്ള നീക്കവും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക