Marukara

രക്ഷിതാവ് വിസമ്മതിച്ചാലും ഇനി പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാം; പുതിയ നിയമപരിഷ്‌കാരവുമായി യുഎഇ

Published by

അബുദാബി: യുഎഇയിൽ വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം, മാതാപിതാക്കളോടുള്ള പരിഗണന തുടങ്ങിയ വിഷയങ്ങളിൽ ജനുവരിയിൽ കൊണ്ടുവന്ന ഭേദഗതിയാണ് ചൊവ്വാഴ്ച മുതല്‍
പ്രാബല്യത്തിൽ വന്നത്. സ്ത്രീകൾക്ക് അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനമാറ്റം.

നിയമപരമായ വിവാഹപ്രായം 18 ആണ്. ഇതിനുമുകളിൽ പ്രായമുള്ള ഒരാളുടെ വിവാഹത്തിന് രക്ഷിതാവിൽനിന്ന് എതിർപ്പുണ്ടായാൽ അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാം. പ്രായപൂർത്തിയായ സ്ത്രീപുരുഷൻമാർക്ക് നിയമപരമായ രക്ഷിതാവോ കസ്റ്റോഡിയനോ ഇല്ലാതെ തന്നെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യംചെയ്യാൻ നിയമം അധികാരം നൽകുന്നു.

വിദേശികളായ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷാകർത്താവ് വേണമെന്ന് ആതാത് രാജ്യത്തിന്റെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കിൽ മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം. എന്നാല്‍, പുരുഷനും സ്ത്രീയും തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാനാകൂ.

സ്ത്രീയെ വിവാഹം കഴിക്കാനുള്ള പുരുഷന്റെ അഭ്യർഥന മാത്രമാണ് വിവാഹ നിശ്ചയമെന്നും നിയമഭേദഗതിയില്‍ വ്യക്തമാക്കുന്നു. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കില്ല. വിവാഹനിശ്ചയസമയത്ത് നൽകിയ സമ്മാനങ്ങൾ തിരികെ വാങ്ങുന്നതിന്റെ മാനദണ്ഡങ്ങളും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിവാഹം നടന്നില്ലെങ്കിൽ 25,000 ദിർഹത്തിനേക്കാൾ മൂല്യമുള്ള സമ്മാനങ്ങൾ തിരികെ നൽകണം. എന്നാൽ അപ്പോൾത്തന്നെ ഉപയോഗിച്ചുതീരുന്ന രീതിയിലുള്ള സമ്മാനമാണെങ്കിൽ ഇത് ബാധകമല്ല.

വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയർത്തിയതാണ് മറ്റൊരു പ്രധാനമാറ്റം. നേരത്തെ ഇത് ആൺകുട്ടികൾക്ക് 11ഉം പെൺകുട്ടികൾക്ക് 15ഉം വയസ്സായിരുന്നു. എന്നാൽ 15 വയസ്സ് തികഞ്ഞ കുട്ടിക്ക് ആര്‍ക്കൊപ്പം ജീവിക്കണമെന്ന് നിലപാടെടുക്കാം. 18 വയസ്സ് തികഞ്ഞവർക്ക് പാസ്പോർട്ടുകളും തിരിച്ചറിയൽ രേഖകളും സ്വന്തമായി കൈവശം വയ്‌ക്കാനും അധികാരമുണ്ടാകും.

അതേസമയം പ്രായപൂർത്തിയാകാത്തവരുടെ സ്വത്ത് ദുരുപയോഗം ചെയ്യുക, രക്ഷിതാക്കളെ സംരക്ഷിക്കാതിരിക്കുക എന്നിവയെല്ലാം കുറ്റകൃത്യമാണ്. 5000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവുമാണ് ശിക്ഷയെന്നും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts