ധാക്ക : ബംഗ്ലാദേശിലെ ധാക്കയിൽ പലസ്തീനിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ റാലിയിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേർ. ഗാസ മുനമ്പിൽ ഇസ്രായേൽ അക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് നടത്തിയ പ്രതിഷേധത്തിൽ പലസ്തീൻ പതാകകൾ വഹിച്ചുകൊണ്ട് പ്രതിഷേധക്കാർ “സ്വതന്ത്ര പലസ്തീൻ”, “ഇസ്രായേൽ തുലയട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു.
പ്രകടനത്തിനിടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കോലം കത്തിച്ചു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും വിവിധ ഇസ്ലാമിക സംഘടനകളും പ്രതിഷേധത്തിന് പിന്തുണ നൽകി.
സമീപകാലത്ത് ഇസ്രായേലിനെതിരെ ബംഗ്ലാദേശ് തുടർച്ചയായ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ച, ഗാസയിലെ സ്ഥിതിഗതികളിൽ അപലപിച്ച് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധത്തിനിടെ ഇസ്രായേലുമായും അമേരിക്കയുമായും അവരുടെ സഖ്യരാജ്യങ്ങളുമായും ബന്ധപ്പെട്ട കമ്പനികളെ ലക്ഷ്യമാക്കി പ്രകടനക്കാർ പ്രവർത്തിക്കുകയും നശീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
ബോഗ്ര, സിൽഹെറ്റ്, കോക്സ് ബസാർ എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലായി ബാറ്റ, കെഎഫ്‌സി, പിസ്സ ഹട്ട് തുടങ്ങിയ ബ്രാൻഡുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിന് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ല. ബംഗ്ലാദേശ് ഔദ്യോഗികമായി സ്വതന്ത്ര പലസ്തീനെ പിന്തുണയ്‌ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: