ന്യൂദല്‍ഹി: ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇ ഡി ആരംഭിച്ചു. ഇയാളുടെ സ്വത്ത് വിവരങ്ങള്‍ കൈമാറാന്‍ യുഎഇ, യുഎസ്എ, തായ്ലന്‍ഡ്, ജപ്പാന്‍ തുടങ്ങി പത്ത് രാജ്യങ്ങള്‍ക്ക് ഇ ഡി കത്ത് നല്‍കിക്കഴിഞ്ഞു. ചോക്‌സിയുടെ വ്യക്തിപരമായ സ്വത്തുക്കളും ഗീതാഞ്ജലി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ സംബന്ധിച്ച വിശദാംശങ്ങളും നല്‍കാനാണ് ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
തട്ടിപ്പ് കേസില്‍ 2,266 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. മുംബൈ, റായ്ഗഡ്, നാസിക്, നാഗ്പൂര്‍, കൊല്‍ക്കത്ത, സൂറത്ത്, തമിഴ്‌നാട്ടിലെ വില്ലുപുരം തുടങ്ങിയ സ്ഥലങ്ങളിലുള്ള വസ്തുവകകളാണ് പിടിച്ചെടുത്തത്. 230 കോടി വിലമതിക്കുന്ന വജ്രാഭരണങ്ങളും പിടിച്ചെടുത്തു. 13,850 കോടിയുടെ തട്ടിപ്പ് നടത്തി 2018ലാണ് ചോക്‌സി രാജ്യം വിട്ടത്. ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി അവിടുത്തെ പൗരത്വം നേടിയിരുന്നു. ശേഷം ബെല്‍ജിയന്‍ പൗരയായ ഭാര്യ പ്രീതി ചോക്സിയുടെ രേഖകള്‍ ഉപയോഗിച്ച് 2023 നവംബര്‍ 15ന് ബെല്‍ജിയത്തില്‍ നിന്ന് ഒരു എഫ് റെസിഡന്‍സി കാര്‍ഡ് മെഹുല്‍ ചോക്‌സി സ്വന്തമാക്കി അവിടെ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. രക്താര്‍ബുദ ചികിത്സക്കായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പോകാനിരിക്കേയാണ് പിടിയിലായത്. ആന്റിഗ്വയില്‍ നിന്നും രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി ഭാരതം നടപടികള്‍ ആരംഭിച്ചതോടെയാണ് ഇയാള്‍ അവിടം വിട്ടത്.
ബെല്‍ജിയത്തില്‍ ജാമ്യത്തിനായി ചോക്‌സി ശ്രമിക്കുന്നുണ്ടെങ്കിലും ഭാരതം അതിനെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനായി അഭിഭാഷകനെ നിയോഗിക്കും. ആരോഗ്യനില വഷളാണെന്നും ചികിത്സ വേണമെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിന് ശ്രമിക്കാനുള്ള ചോക്‌സിയുടെ നീക്കത്തെ എതിര്‍ക്കാനാണ് തീരുമാനം. ഗുരുതര കുറ്റകൃത്യം ചെയ്ത് നാട് വിട്ടശേഷം അസുഖത്തിന്റെ പേരില്‍ വിചാരണ തടസപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഭാരതം ചൂണ്ടിക്കാട്ടും. അര്‍ബുദരോഗത്തിന് ചികിത്സയിലെന്ന് ബെല്‍ജിയന്‍ കോടതിയെ അറിയിക്കുമെന്ന് ചോക്‌സിയുടെ അഭിഭാഷകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ചോക്‌സിയെ ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ല. തുടക്കം മുതല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അന്വേഷണത്തോട് സഹകരിക്കാമെന്ന് ചോക്‌സി അറിയിച്ചിരുന്നതാണ്. ഭാരതത്തില്‍ മനുഷ്യാവകാശ ലംഘനം ഉണ്ടാകുമെന്നും അതിനാല്‍ ചോക്‌സിയെ വിട്ടുനല്‍കരുതെന്ന് ബെല്‍ജിയം കോടതിയില്‍ വാദിക്കുമെന്നും അഭിഭാഷകര്‍ അറിയിച്ചു. ചോക്‌സിയുടെ അനന്തരവനും കൂട്ടുപ്രതിയുമായ നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഇയാളെയും രാജ്യത്തെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: