ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ ഇന്നു പരിഗണിക്കാനിരിക്കേ നിയമത്തെ പിന്തുണച്ചു വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍. അസം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളാണ് നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയിലെത്തിയത്.
പാര്‍ലമെന്റ് പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ കവര്ന്നെടുക്കുന്നില്ലെന്നും ഈ സംസ്ഥാനങ്ങള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വഖഫ് സ്വത്തുക്കളുടെ ഭരണം സുതാര്യമാക്കുകയും വഖഫ് ബോര്‍ഡുകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ ഭേദഗതിയുടെ ലക്ഷ്യമെന്നും ഈ സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയിലെ കക്ഷിചേരാനുള്ള അപേക്ഷയില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ഇന്നു ഹര്‍ജികള്‍ പരിഗണിക്കും. തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവുണ്ടാകരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തു. അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മും കോണ്‍ഗ്രസുമാണ് നിയമത്തിനെതിരേ ആദ്യം കോടതിയെ സമീപിച്ചത്. സിപിഐ, മുസ്ലിംലീഗ്, സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജാമിയത്ത് ഉലമ ഇ ഹിന്ദ്, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്, ഡിഎംകെ, വൈഎസ്ആര്‍സിപി, എന്‍ജിഒ അസോസിയേഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് തുടങ്ങിയവരും നിയമത്തിനെതിരേ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: