മുംബൈ: ജെന്‍സോണ്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിക്ക് ഓഹരിവിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഓഹരിവിപണി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബി. ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഓഹരി വില കമ്പനി ഉടമകള്‍ തന്നെ ചൂഷണം ചെയ്തെന്നും കമ്പനി ഉടമകള്‍ തന്നെ കമ്പനി ഫണ്ട് വഴിതിരിച്ചുവിട്ടെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉള്ളത്. ഒരു വര്‍ഷം മുന്‍പ് 930 രൂപയുണ്ടായിരുന്ന ജെന്‍സോള്‍ എഞ്ചിനീയറിംഗിന്റെ ഇപ്പോഴത്തെ ഓഹരിവില 129 രൂപ മാത്രമാണ്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ 154 രൂപയില്‍ നിന്നും ഓഹരി വില ദിവസേന ഇടിഞ്ഞ് 129 രൂപയില്‍ എത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് ശേഷമാണ് വന്‍തോതില്‍ ഓഹരി വില ഇടിഞ്ഞത്. ഫെബ്രുവരി 10 ന് 742 രൂപയുണ്ടായിരുന്ന ഓഹരി വില പൊടുന്നനെയാണ് രണ്ട് മാസത്തില്‍ 129 രൂപയിലേക്ക് ഇടിഞ്ഞു താണത്.
സഹോദരന്മാരായ അന്മോള് സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും ആയിരുന്നു കമ്പനിക്ക് പിന്നില്‍. വലിയ സങ്കല്പങ്ങളായിരുന്നു. പക്ഷെ എല്ലാം തകര്‍ന്നടിഞ്ഞു. സൗരോര്‍ജ്ജ പദ്ധതികള്‍ ഉയര്‍ത്തലും നടത്തിപ്പുമായിരുന്നു ആദ്യം തുടങ്ങിയത്. ഇത് വന്‍വിജയമായി. പിന്നീട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലേക്ക് തിരിഞ്ഞു. പുനെയില്‍ ത്രിചക്ര, നാലു ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ഫാക്ടറി ഉണ്ടായിരുന്നു. പക്ഷെ സാമ്പത്തിക പ്രതിസന്ധി കമ്പനിയെ വിഴുങ്ങി. 2019ല്‍ 20 കോടി പിരിച്ചെടുത്ത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെയാണ് ചെറിയ കമ്പനി എന്ന നിലയില്‍ നിന്നും ഇന്ത്യയാകെ അറിയപ്പെടുന്ന കമ്പനിയായി മാറിയത്. 2023-24ല്‍ 383 കോടി രൂപ വിറ്റുവരവ് ഉണ്ടായിരുന്നപ്പോള്‍ 2026ല്‍ 4000 കോടി വിറ്റുവരവ് നേടുമെന്നാണ് അന്മോള് സിങ്ങ് ജഗ്ഗി പ്രഖ്യാപിച്ചിരുന്നത്. . പക്ഷെ എല്ലാം പൊടുന്നനെ തകര്‍ന്നു.
ജെന്‍സോള്‍ എഞ്ചിനീയറിംഗ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ അന്മോള് സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും വഞ്ചനാപരമായ രീതിയില്‍ കമ്പനിയുടെ ഫണ്ട് വഴിതിരിച്ചുവിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന് പ്രഥമദൃഷ്ട്യാ അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്നാണ് സെബിയുടെ ഈ നടപടി. 29 പേജുള്ള ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടും സെബി പുറത്തുവിട്ടു.
“ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയെ പ്രൊമോട്ടര്‍മാരായ അന്മോള് സിങ്ങ് ജഗ്ഗിയും പുനീത് സിങ്ങ് ജഗ്ഗിയും സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിപോലെ ഉപയോഗപ്പെടുത്തി. കമ്പനി സ്വത്തുക്കള്‍ സ്വകാര്യ സ്വത്തുപോലെ ഇവര്‍ ഉപയോഗിച്ചു.” – സെബി റിപ്പോര്‍ട്ട് പറയുന്നു. ഇപ്പോള്‍ ജെന്‍സോള്‍ എഞ്ചിനീയറിംഗിനെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വിപണിയുടെ സത്യസന്ധത നിലനിര്‍ത്താനും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാനുമാണ് ആയിരം കോടിയില്‍ താഴെ വിപണിമൂല്യമുള്ള കമ്പനികളെ വര്‍ധിത നിരീക്ഷണ നടപടിലിസ്റ്റില്‍ പെടുത്തുക. ജെന്‍സോള്‍ എഞ്ചിനീയറിംഗ് നിര്‍മ്മിച്ച 2997 ഇലക്ട്രിക് വാഹനങ്ങള്‍ റിഫക്സ് ഗ്രീന്‍ മൊബിലിറ്റിയ്ക്ക് വില്‍ക്കാനുള്ള പദ്ധതി ഈയിടെ റദ്ദാക്കപ്പെട്ടതും കമ്പനിയുടെ പ്രതിസന്ധി വര്‍ധിപ്പിച്ചു.
കമ്പനിയ്ക്ക് 2050 കോടി രൂപയുടെ വായ്പയുണ്ട്. ഈ വായ്പയെ ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര തരംതാഴ്ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: