ന്യൂദൽഹി : ഭൂമി അഴിമതിയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും ഇഡി സമൻസും ഒക്കെ നിലനിൽക്കെ തന്നെ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര ഇപ്പോൾ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. തിങ്കളാഴ്ച വാദ്ര രാഷ്‌ട്രീയത്തിൽ ചേരാനുള്ള സന്നദ്ധത ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോടാണ് പ്രകടിപ്പിച്ചത്. പ്രിയങ്ക രാഷ്‌ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം അവരുടെ പാത പിന്തുടരാൻ തന്നെയാണ് ഭർത്താവ് വാദ്രയുടെയും ലക്ഷ്യമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
അതേ സമയം കോൺഗ്രസ് പാർട്ടി വാദ്രയുടെ നിലപാട് സ്വീകരിച്ചാൽ കോൺഗ്രസ് കുടുംബത്തിന്റെ അനുഗ്രഹത്തോടെ വാദ്ര രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സാരം. ഗാന്ധി കുടുംബവുമായുള്ള ബന്ധത്തിൽ നിന്നാണ് രാഷ്‌ട്രീയവുമായുള്ള തന്റെ ബന്ധം പ്രധാനമായും ഉണ്ടായതെന്ന് വാദ്ര എടുത്തുപറഞ്ഞു.
“രാഷ്‌ട്രീയവുമായുള്ള എന്റെ ബന്ധം ഗാന്ധി കുടുംബത്തിലെ അംഗമായതുകൊണ്ടാണ്. എന്നാൽ കഴിഞ്ഞ നിരവധി വർഷങ്ങളായി, പല പാർട്ടികളും എന്റെ പേര് ഉപയോഗിക്കുകയും എന്നെ രാഷ്‌ട്രീയത്തിലേക്ക് ആകർഷിക്കുകയും ചെയ്തിട്ടുണ്ട്, കാരണം ഓരോ തവണയും തിരഞ്ഞെടുപ്പ് വരുമ്പോൾ അവർ എന്റെ പേര് ഓർക്കുന്നു. അവർക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോഴെല്ലാം, അവർ എന്റെ പേര് ഓർക്കുന്നു,” – വാദ്ര പറഞ്ഞു,
ഭാര്യ പ്രിയങ്കയും അവരുടെ സഹോദരൻ രാഹുലും ഉൾപ്പെടെയുള്ള തന്റെ കുടുംബം ഒരു പ്രധാന രാഷ്‌ട്രീയ പഠന സ്രോതസ്സാണെന്നും വാദ്ര എടുത്തു പറഞ്ഞു.
അതേ സമയം ഹരിയാനയിലെ ഷിക്കോപൂരിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് ശേഷം റോബർട്ട് വാദ്ര ചൊവ്വാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു. ഏപ്രിൽ 8 ന് ഈ കേസുമായി ബന്ധപ്പെട്ട് 56 കാരനായ വാദ്രയ്‌ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും ഹാജരായില്ല. തുടർന്നാണ് വീണ്ടും സമൻസ് അയച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഏജൻസി വാദ്രയുടെ മൊഴി രേഖപ്പെടുത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു. നേരത്തെ മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയെ ഫെഡറൽ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: