ന്യൂദല്‍ഹി: സുരക്ഷ മുന്‍നിര്‍ത്തി ന്യൂദല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ കുരിശിന്റെ വഴി പ്രദക്ഷിണത്തിന് അനുമതി നല്‍കാത്തതിനെ തെറ്റായി ചിത്രീകരിച്ച് ഒരു വിഭാഗം മാധ്യമങ്ങള്‍. ഓള്‍ഡ് ദല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍ നിന്ന് പത്തു കിലോമീറ്ററോളം അകലെയുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്താനിരുന്ന പ്രദക്ഷിണത്തിനാണ് സുരക്ഷാ കാരണങ്ങളാല്‍ പോലീസ് അനുമതി നല്‍കാതിരുന്നത്.
ശനിയാഴ്ച ഹനുമദ് ജയന്തിയുടെ ഭാഗമായുള്ള ശോഭായാത്രകള്‍ക്കും തന്ത്രപ്രധാനമേഖലകളില്‍ സുരക്ഷാ കാരണത്താല്‍ അനുമതി നല്‍കിയിരുന്നില്ല. ശോഭായാത്രയില്ലാതെ ക്ഷേത്രങ്ങളില്‍ ഒതുങ്ങിനില്ക്കുന്ന രീതിയിലാണ് ഹനുമദ് ജയന്തി ആഘോഷങ്ങള്‍ നടത്തിയത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഇത് മറച്ചുവെച്ച് കേന്ദ്രം ക്രിസ്ത്യന്‍ സമുദായത്തെ അവഗണിക്കുന്നു എന്ന രീതിയിലായിരുന്നു പലമാധ്യമങ്ങളിലെയും വാര്‍ത്തകള്‍.
വഖഫ് ഭേദഗതി നിയമം നടപ്പാക്കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. ഏപ്രില്‍ 11ന് മുംബൈ ഭീരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ തഹാവൂര്‍ റാണയെ യുഎസില്‍ നിന്നും എന്‍ഐഎ സംഘം ദല്‍ഹിയില്‍ എത്തിക്കുകയും ചെയ്തു. ഇതോടെ സുരക്ഷയും വിവിധ ഏജന്‍സികളുടെ നിരീക്ഷണവും കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലും വരെ വാര്‍ത്തകള്‍ കണ്ട് പ്രതികരണവുമായി രംഗത്ത് എത്തി. പക്ഷേ ഹനുമദ് ജയന്തിയുടെ ഭാഗമായുളള ശോഭായാത്രകള്‍ നടക്കാത്തതിനെക്കുറിച്ച് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ മിണ്ടിയില്ല.
പത്തുകിലോമീറ്റര്‍ ദൂരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തില്‍ രണ്ടായിരത്തിലധികം പേര് പങ്കെടുക്കുമെന്നാണ് പള്ളി അധികൃതര്‍ തന്നെ അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ ഇത്രെയും ദൂരത്തില്‍ യാത്ര നടത്തുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. സുരക്ഷ മുന്‍നിര്‍ത്തി പള്ളിക്ക് പുറത്തെ പ്രദക്ഷിണത്തിന് അനുമതി നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പള്ളി കോമ്പൗണ്ടിനകത്ത് നിശ്ചയിച്ച സമയത്തുതന്നെ പ്രദക്ഷിണം നടന്നു.
സിബിസിഐ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ദല്‍ഹി അതിരൂപതയുടെ ആസ്ഥാനവും സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ അടക്കമുള്ള ബിജെപി നേതാക്കളും വിശേഷ അവസരങ്ങളില്‍ ഈ പള്ളിയില്‍ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: