1950 ജനുവരി 26 ന് നമ്മുടെ നാട് പൂര്‍ണ്ണസ്വതന്ത്രയാവുമ്പോള്‍, ആ ദിവസം തുടങ്ങി നമ്മുടെ സര്‍ക്കാര്‍ നമ്മളാല്‍ നമുക്കുവേണ്ടി ഉണ്ടാക്കിയതാണ്. ഇത് അതിന്റെ പരിപാവനതയോടെ നിലനിര്‍ത്താന്‍ നമുക്ക് കഴിയുമോ എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം ആശങ്കപ്പെടുന്നു. കൂടാതെ, അദ്ദേഹം, ഭാരതത്തിനു ജനാധിപധ്യം പുത്തരിയല്ലെന്നും, നമുക്ക് റിപ്പബ്ലിക് എന്ന സംവിധാനം, രാജഭരണ വ്യവസ്ഥിതിയില്‍ പോലും ഉണ്ടായിരുന്നു എന്നും, അവ തെരെഞ്ഞെടുക്കപ്പെട്ടതും പരിമിത അധികാരങ്ങള്‍ ഉള്ളവയായിരുന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട് അതുപോലെതന്നെ, ഭാരത പാര്‍ലമെന്റും, പാര്‍ലമെന്ററി സമ്പ്രദായവും അന്യമല്ല, ബുദ്ധഭിക്ഷു സംഘങ്ങളില്‍ ഈ രീതികളെല്ലാം ഇന്ന് കാണുന്ന തരത്തില്‍ തന്നെ നിലനിന്നിരുന്നു. പക്ഷെ, ഈ പാര്‍ലമെന്ററി സമ്പ്രദായങ്ങളെല്ലാം നമുക്ക് അന്യമായി. എന്നാല്‍ പുതിയ ജനാധിപത്യ സമ്പ്രദായത്തില്‍ ഏകാധിപത്യത്തിനുള്ള പ്രവണത കൂടുതലായി കാണുന്നു. കാരണം, വന്‍ പരാജയം ഉണ്ടായാല്‍, ഏകാധിപത്യം എന്നത് അന്യമല്ലെന്നും അംബേദ്കര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ജനാധിപത്യത്തിന്റെ എല്ലാ അര്‍ത്ഥത്തിലുമുള്ള നിലനില്‍പ്പിനു ഒന്നാമതായി ചെയ്യേണ്ടത് നമ്മുടെ സാമൂഹ്യവും സാമ്പത്തികവുമായ ലക്ഷ്യം കൈവരിക്കുന്നതിന് ഭരണഘടനാപരമായ രീതികള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് അംബേദ്കര്‍ പറയുന്നു. രക്ത രൂക്ഷിത വിപ്ലവ രീതികള്‍ പാടെ ഉപേക്ഷിക്കണം. നിയമലംഘനം,നിസ്സഹകരണം, സത്യഗ്രഹം ഇവയെല്ലാം അതില്‍പ്പെടുംകൃത്യമായ ഭരണഘടനാ രീതികളില്ലെങ്കില്‍ മാത്രമാണ് ഇവയെ ന്യായീകരിക്കാന്‍ പറ്റുന്നത്. വ്യക്തമായ ഭരണഘടനാ വകുപ്പുകള്‍ ഉണ്ടെന്നിരിക്കെ ഇത്തരം ഭരണഘടനാ വിരുദ്ധ രീതികള്‍ ന്യായീകരിക്കാനാവില്ല. കൂടാതെ ഈ രീതികളെല്ലാം അരാജകത്വത്തിന്റെ പര്യായങ്ങളാണ്. ഈ രീതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.
രണ്ടാമതായി ചെയ്യേണ്ടത്, ആരുടേയും മുന്പില് സ്വന്തം സ്വാതന്ത്ര്യം അടിയറവു വയ്ക്കരുത്. അധികാരം കയ്യാളുന്നവര്‍ അതുപയോഗിച്ച് സ്ഥാപനങ്ങളെവരെ അട്ടിമറിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അങ്ങനെയുള്ളവരുടെ കൈകളിലേക്കു അധികാരം കൊടുക്കരുത്. എന്നാല്‍, തങ്ങളുടെ ജീവിതം മുഴുവന്‍ രാജ്യസേവനത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചവരോട് നന്ദികാട്ടുന്നതില്‍ തെറ്റില്ല. എന്നാല്‍ അവിടെയും ചില പരിമിതികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതായത്, ഒരു വ്യക്തിക്കും തന്റെ ബഹുമാനം ബലികഴിച്ചു നന്ദിയുള്ളവനാകാന്‍ കഴിയില്ല, ഒരു സ്ത്രീക്കും അവളുടെ പവിത്രത ബലികഴിച്ചുകൊണ്ടു നന്ദിയുള്ളവളാകാന്‍ കഴിയില്ല. ഒരു രാഷ്ട്രത്തിനും അതിന്റെ സ്വാതന്ത്ര്യം ബലികഴിച്ചുകൊണ്ടു നന്ദിയുള്ളതാവാന്‍ കഴിയില്ല. ഭാരതത്തിന്റെ കാര്യത്തില്‍ മറ്റേതു രാജ്യത്തെക്കാളും ഇത് ആവശ്യമാണ്. കാരണം ഇവിടുത്തെ ഭക്തി, വീരാരാധന, മറ്റേതു രാജ്യത്തെക്കാളും കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
രാഷ്ട്രീയ ജനാധിപത്യംകൊണ്ട് തൃപ്തിപ്പെടാതെ സാമൂഹ്യ ജനാധിപത്യത്തെയും ഉള്‍ക്കൊള്ളണം എന്നതാണ് മൂന്നാമത്തെ കാര്യം. അതാണ് ഒരു രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിസ്ഥാനം. സാമൂഹ്യ ജനാധിപത്യത്തിന് ഒരു വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം- ഇവ പരസ്പര പൂരകങ്ങളായ ത്രിതത്വങ്ങളാണ്-ഇവ മൂന്നും സംയോജിപ്പിച്ചു കൊണ്ടുപോകണം. കാരണം ഒന്നിന്റെ അഭാവത്തില്‍ മറ്റൊന്നു ഹനിക്കപ്പെടും. ഇന്നത്തെ നമ്മുടെ സമൂഹത്തില്‍ സമത്വം എന്നൊന്നില്ല. ഏറെ ധനികര്‍, ഏറെ ദരിദ്രര്‍ എന്ന തട്ടുകളില്‍ ജനങ്ങള്‍ വിഭജിച്ചിരിക്കുന്നു. ഇത്തരം വൈരുധ്യങ്ങളുടെ ജീവിതമാണ്, 1950 ജനുവരി 26 മുതല്‍ കാണാന്‍ പോകുന്നത്. ഈ ദിവസത്തോടെ നാം രാഷ്ട്രീയ സമത്വം കൈവരിച്ചെങ്കിലും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം യാഥാര്‍ഥ്യമായിത്തന്നെ നിലനില്ക്കുന്നു. രാഷ്ട്രീയത്തില്‍ ഒരു വ്യക്തിക്ക് ഒരു വോട്ട്, ഒരു വോട്ടിനു ഒരു മൂല്യം എന്നിരിക്കെ ഒരു വ്യക്തിക്ക് ഒരു മൂല്യം എന്ന തത്വം അന്യമായിരിക്കും .ഈ സ്ഥിതി എത്രകാലം തുടരുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. ഒപ്പം ഒരു മുന്നറിയിപ്പും നല്കുന്നു. ഈ വൈരുദ്ധ്യം എത്രയും വേഗം നീക്കിയില്ലെങ്കില്‍ അസമത്വം അനുഭവിക്കുന്നവര്‍, ഈ കെട്ടിപ്പടുത്ത രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകര്‍ക്കും.
‘സാഹോദര്യം’ എന്ന തത്വം നാം അംഗീകരിക്കേണ്ടതാണെന്നും അതുകൊണ്ടു നാം നേടിയെടുക്കേണ്ടത് ഐക്യബോധമാണെന്നും അദ്ദേഹം പറയുന്നുണ്ട്. അതായതു ഭാരതീയര്‍ ഒരു ജനതയാണെന്ന തോന്നല്‍ സാമൂഹ്യ ജീവിതത്തിനു വളരെ അനിവാര്യമാണിത്.
ഇന്ന് നിലനില്‍ക്കുന്ന ജാതി സ്പര്‍ദ്ധകളും വിരോധങ്ങളും എന്ന് തുടച്ചുനീക്കാന്‍ സാധിക്കുന്നോ അപ്പോള്‍ മാത്രമാണ് നമുക്ക് ഒരു രാഷ്ട്രമായി നില്ക്കാന് സാധിക്കൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. സാഹോദര്യം എന്നത് ഒരു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിന്റെ അഭാവത്തില്‍ ഇവിടെ സമത്വവും സ്വാതന്ത്ര്യവും നിലനില്‍ക്കില്ലെന്നും അംബേദ്കര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ചില അപ്രിയ സത്യങ്ങള്‍ എന്ന രീതിയില്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ഈ രാജ്യത്തിന്റെ രാഷ്ട്രീയാധികാരം ചുരുക്കം ചിലരുടെ കുത്തകയായിരുന്നെന്നും അതേസമയം മറ്റുള്ളവരില്‍ ചിലര്‍ ഭാരം ചുമക്കുന്ന മൃഗങ്ങള്‍ മാത്രമാണെന്നും മറ്റുചിലര്‍ ഇര പിടിക്കുന്ന മൃഗങ്ങളാണെന്നും ബോധ്യപ്പെടുത്തുന്നുണ്ട്. ഈ അവസ്ഥാവിശേഷം അവരുടെ പുരോഗതിക്കുള്ള അവസരം നഷ്ടപ്പെടുത്തുന്നു. ജീവിതത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനുള്ള അവസരം കിട്ടുന്നുമില്ല. സ്വയം വിഭജിക്കപ്പെട്ട ഒരു സഭക്ക് ഏറെക്കാലം നിലനില്ക്കാന് സാധിക്കില്ലെന്നും അതുകൊണ്ട് അവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് താമസം ഉണ്ടാവരുതെന്നും, രാജ്യത്തിനും സ്വാതന്ത്ര്യ പരിപാലനത്തിനും എല്ലാമേഖലകളിലും സമത്വ-സാഹോദര്യ നിലനില്‍പ്പിനും അനിവാര്യമെന്നും ആ ഒറ്റ ലക്ഷ്യത്തിനാണ് സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്രം നേടിയതോടെ ഉത്തരവാദിത്തം കൂടിയെന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ ചിന്തകളും മാറുന്നു. പുതിയ പ്രത്യയശാത്രങ്ങളോടുള്ള ആഭ്യമുഖ്യവും ഉണ്ടാകുന്നുണ്ട്. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരിനേക്കാള്‍ അവര്‍ ഇഷ്ടപ്പെടുന്നത്, ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരുകളെയാണ്. നമ്മുടെ ഭരണഘടന സംരക്ഷിക്കാന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരിനുള്ള ബോധം ഉണ്ടാക്കാന്‍ ആളുകളെ പ്രേരിപ്പിക്കണം ആ ഒരു സംരംഭം ഏറ്റെടുക്കുന്നതിന് തടസം നില്ക്കുന്നവയെ തിരിച്ചറിയുകയും ഈ ഒരു ദൗത്യത്തില്‍ നിന്നും നാം ദുര്‍ബ്ബലരാകരുതെന്നും രാജ്യത്തെ സേവിക്കാനുളള ഏക മാര്‍ഗം ഇതാണെന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: