ചെന്നൈ: അണ്ണാമലൈ തമിഴ്നാട്ടിലെ താഴേത്തട്ട് ഇളക്കിമറിച്ച് മുന്നേറുന്നതിനിടയിലാണ് അദ്ദേഹത്തെ മാറ്റി അമിത് ഷാ നൈനാര്‍ നാഗേന്ദ്രന് എന്ന രാഷ്ട്രീയക്കാരനെ ബിജെപിയുടെ തമിഴ്നാട് അധ്യക്ഷനാക്കിയത്. ഇത് പല ബിജെപി പ്രവര്‍ത്തകര്‍ക്കും ഷോക്കായിരുന്നു എങ്കിലും പ്രായോഗിക രാഷ്ട്രീയമറിയുന്ന അമിത് ഷായുടെ തീരുമാനം തെറ്റാനിടയില്ലെന്ന് പരിചയസമ്പന്നരായ രാഷ്ട്രീയക്കാര്‍ പറയുന്നു. കാരണം ബിജെപിയുടെ ലക്ഷ്യം 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണ്. അതില്‍ ഡിഎംകെയെ പ്രായോഗികമായി പരാജയപ്പെടുത്താന്‍ ശക്തമായ മുന്നണി വേണം. ഡിഎംകെയെ നേരിടാന്‍ ഇന്ന് തമിഴ്നാട്ടില്‍ എഐഎഡിഎംകെയുടെ കേഡര്‍ അടിത്തറ ബിജെപിയ്ക്ക് ആവശ്യമാണ്.
എന്തായാലും ഈ സഖ്യം രൂപപ്പെട്ടതില്‍ ആദ്യം ഞെട്ടിയത് എസ് ഡിപിഐ ആണ്. കാരണം ബിജെപി ശക്തിപ്പെടുന്നു എന്ന് ആദ്യം അനുഭവിച്ചറിയുക എസ് ഡിപിഐ തന്നെയാണ്. മാത്രമല്ല, ഇന്നത്തെ നിലയില്‍ എഐഎഡിഎംകെയ്ക്ക് യാതൊരു മുഷിപ്പുമില്ലാതെ ബിജെപിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ നൈനാര്‍ നാഗേന്ദ്രന് എന്ന നേതാവിന് സാധിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം പണ്ട് പനീര്‍ശെല്‍വത്തിന്റേയും അതിന് മുന്‍പ് ജയലളിതയുടേയും നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ എഐഎഡിഎംകെ മന്ത്രിസഭയില്‍ ശക്തമായ വ്യവസായം, ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. പിന്നീട് ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയുടെ പ്രവര്‍ത്തനം മോശമായി എന്ന് ആരോപിച്ചാണ് നൈനാര്‍ നാഗേന്ദ്രന് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപിയില്‍ ആയിരുന്നിട്ട് കൂടി 2021ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആയ വ്യക്തിയാണ് എന്നത് നൈനാര്‍ നാഗേന്ദ്രന്റെ ജനപിന്തുണയുടെ അടയാളമാണ്. മൂന്നാം തവണയാണ് തിരുനെല്‍വേലി മണ്ഡലത്തില്‍ നിന്നും നൈനാര്‍ നാഗേന്ദ്രന് തെരഞ്ഞെടുക്കപ്പെട്ടത്. നൈനാര്‍ നാഗേന്ദ്രനെ ഏത് വിധേനെയും തോല്പിക്കാന് കച്ചകെട്ടിയിറങ്ങിയ ഡിഎംകെയ്ക്ക് കൈപൊള്ളി. 23000ല്‍ പരം വോട്ടുകള്‍ക്ക് നൈനാര്‍ നാഗേന്ദ്രന് വിജയിച്ച് നിമയസഭയില്‍ ബിജെപി എംഎല്‍എ ആയി എത്തി. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 2011ല്‍ ആണ്. അന്ന് ഡിഎംകെയുടെ എഎല്‍എസ് ലക്ഷ്മണനെ 38000 വോട്ടുകള്‍ക്ക് തോല്പിച്ചിരുന്നു. പിന്നീട് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരുനെല്‍വേലിയില്‍ നിന്നും വിജയിച്ചു.
ആരാണ് അണ്ണാമലൈയ്ക്ക് പകരം തമിഴ്നാട്ടില്‍ ബിജെപിയുടെ തലപ്പത്തേക്ക് എത്തുന്ന നൈനാര്‍ നാഗേന്ദ്രന്?. ബിസിനസും രാഷ്ട്രീയവും ഒരു പോലെ പയറ്റുന്ന പ്രായോഗിക രാഷ്ട്രീയക്കാരനാണ് നൈനാര്‍ നാഗേന്ദ്രന്. ഇദ്ദേഹത്തിന്റെ വരവ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ സുഗമമായ മുന്നോട്ട്പോക്കിന് സഹായകരമാകുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. തേവര് സമുദായത്തില്‍ നല്ല പിടിപാടുള്ള നേതാവാണ് അദ്ദേഹം. തമിഴ്നാട്ടിലെങ്ങും വേരുകളുള്ള പ്രബല സമുദായമാണ് തേവര് സമുദായം. അതേ സമയം എഐഎഡിഎംകെ നേതാവായ എടപ്പാടി പളനിസ്വാമിയാകട്ടെ ഗൗണ്ടര്‍ സമുദായാംഗമാണ്. തമിഴ്നാട്ടില്‍ മറ്റൊരു പ്രമുഖ സമുദായമാണ് ഗൗണ്ടര്‍ സമുദായം. തേവര്-ഗൗണ്ടര്‍ സമൂദായ ഐക്യം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുന്നു എന്നത് ഡിഎംകെയെ ഭയപ്പെടുത്തുകയാണ്. നേരത്തെ ഇദ്ദേഹത്തെ ഡിഎംകെ മന്ത്രിസഭ വേട്ടയാടിയിരുന്നു. ഇദ്ദേഹത്തിന്റെ പല ഹോട്ടലിലും വിജിലന്‍സ് റെയ്ഡ് വരെ നടത്തി രാഷ്ട്രീയത്തില്‍ നിന്നും നൈനാര്‍ നാഗേന്ദ്രനെ അകറ്റാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. .
തിരുനെല്‍വേലിയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായിയായ നൈനാര്‍ നാഗേന്ദ്രന്. ചന്ദ്ര ഹോട്ടല്‍, ശ്രീകൃഷഷ്ണ ഇന്‍, സോപ്രോ, ലക്ഷ്മി ഗായത്രി എന്നീ ഹോട്ടലുകളുടെ ഉടമയാണ്. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിവ. ഇതിന് പുറമേ കെആര്‍ ട്രാവല്‍സ് എന്ന ഒരു ട്രാവല്‍സ് കമ്പനിയുമുണ്ട്. തിരുനെല്‍വേലിയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് കറുപ്പുസ്വാമി പാണ്ഡ്യനാണ് നൈനാര്‍ നാഗേന്ദ്രനെ കരളുറപ്പുള്ള ഒരു രാഷ്ട്രീയക്കാരനായി പരുവപ്പെടുത്തിയത്. ഈയിടെ കറുപ്പുസ്വാമി പാണ്ഡ്യന് മരണപ്പെട്ടിരുന്നു. നല്ലൊരു ഹോട്ടല്‍ വ്യവസായിയായ ഇദ്ദേഹത്തിന്റെ 26 കോടിയായിരുന്ന സ്വത്ത് 31 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ വ്യവസായസംരംഭകത്വത്തിലെ മിടുക്കിന്റെ പര്യായമായി കാണുന്നു.
ഹിന്ദുത്വത്തിനായി പൊരുതിയ നേതാവ്
ഹിന്ദുത്വത്തിന് വേണ്ടി നിര്‍ഭയം ശബ്ദമുയര്‍ത്തുന്ന നേതാവാണ് നൈനാര്‍ നാഗേന്ദ്രന്. 2018ല്‍ തമിഴ് ഗാനരചയിതാവ് വൈരമുത്തു ആണ്ടാളിനെ അപമാനിച്ച് സംസാരിച്ചത് വലിയ വിവാദമായിരുന്നു. നിരവധി ആത്മീയ ഗാനങ്ങള്‍ എഴുതി തമിഴ് സാഹിത്യത്തെ സമ്പുഷ്ടയാക്കി ആണ്ടാലിനെതിരെ സംസാരിച്ച വൈരമുത്തുവിന്റെ നാവ് പിഴുതെടുക്കുന്നയാള്‍ക്ക് 10 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച നേതാവാണ് നൈനാര്‍ നാഗേന്ദ്രന്.
രണ്ട് തവണ അദ്ദേഹം ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ബിജിപെയുടെ വോട്ട് വിഹിതം വര്‍ധിപ്പിച്ചിരുന്നു. 2019ലും 2024ലും ലോക് സഭയിലേക്ക് മത്സരിച്ചു. 2019ല്‍ രാമനാഥ പുരത്ത് 32.31 ശതമാനം വോട്ട് പിടിച്ചു. 2024ല്‍ തിരുനെല്‍വേലിയില്‍ 32.54 ശതമാനം വോട്ട് കിട്ടി. 2024ല്‍ ഇദ്ദേഹത്തെ കോണ്‍ഗ്രസിന്റെ റോബര്‍ട്ട് ബ്രൂസ് എന്ന പ്രൊട്ടസ്റ്റന്റ് സ്ഥാനാര്‍ത്ഥിയാണ് തോല്പിച്ചത്.
2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.കെ. സ്റ്റാലിനെ തൂത്തെറിയുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. അതിനാണ് എല്ലാ രാഷ്ടീയപാര്ട്ടികളിലെ നേതാക്കളുമായും ബന്ധമുള്ള, വിവിധ സമുദായനേതാക്കളുമായി ബന്ധമുള്ള നൈനാര്‍ നാഗേന്ദ്രനെ അമിത് ഷാ കൊണ്ടുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: