ചെന്നൈ: പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) മൂന്നാറിൽ പിടിയിൽ. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു ഇയാൾ.
കേസിൽ പോലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ജിഎൻ മിൽസ് പ്രദേശത്തുള്ള ജെബരാജ് തന്റെ വീട്ടിൽ സംഘടിപ്പിച്ച ഒരു പാർട്ടിക്കിടെയാണ് രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളുടെ ബന്ധുക്കൾ പരാതിയുമായി എത്തിയത്.
പതിനെഴുകാരിയും പതിനാലുകാരിയുമാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്ന വ്യക്തിയാണ് ഇയാൾ. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേള്സും ഇയാൾക്കുണ്ട്. പുതുതലമുറയ്‌ക്ക് ഇഷ്ടപ്പെടുന്ന പാട്ടും ഡാൻസുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ സെങ്കോട്ടൈ സ്വദേശിയായ ജെബരാജ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലേക്ക് ഒളിവിൽ പോകുകയായിരുന്നു.
ഇൻസ്പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം മൂന്നാറിൽ വെച്ച് ഇയാളെ കണ്ടെത്തുകയും ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞായറാഴ്ച പുലർച്ചെ കോയമ്പത്തൂരിലേക്ക് തിരികെ കൊണ്ടുവന്ന ഇയാളെ പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കും.
ജെബരാജ് രാജ്യം വിടുന്നത് തടയാൻ കോയമ്പത്തൂർ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 15 ന് വാദം കേൾക്കാനിരിക്കുന്ന ചെന്നൈ ഹൈക്കോടതിയിൽ അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: