സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം 1969ല്‍ ജനിച്ച ഇന്ദിരാ കോണ്‍ഗ്രസ്സിനാണെന്ന ചില ചപലബുദ്ധികളായ ബാലന്മാര് പറയുന്നതു കേട്ടു. ഇന്ദിര ഉണ്ടാക്കിയ പുതിയ ചരിത്രത്തിന്റെ സൃഷ്ടികളാണ് ഈ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും. അതിന്റെ വൈകല്യം അവരുടെ വാക്കിലും ശരീരഭാഷയിലും കാണാവുന്നതാണ്. 1973 ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് അന്നു പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ചെങ്കോട്ടയുടെ മണ്ണില്‍ കുറെ ചെമ്പോലച്ചുരുളുകള്‍ കുഴിച്ചിട്ടു. എന്താണ് ചെമ്പോലയിലെ ഉള്ളടക്കം എന്ന് പ്രതിപക്ഷ കക്ഷികള്‍ പലരും ചോദിച്ചു. അതിന് ഒരേയൊരു ഉത്തരം മാത്രമേ പറഞ്ഞുള്ളൂ. ആയിരം വര്‍ഷം കഴിയുമ്പോള്‍ അന്നത്തെ തലമുറയ്ക്ക് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രം അറിയുന്നതിനുവേണ്ടി എഴുതിയ ചരിത്ര ലിഖിതങ്ങള്‍ ആണെന്നായിരുന്നു മറുപടി. ഉള്ളടക്കത്തെക്കുറിച്ച് ആവര്‍ത്തിച്ചുള്ള ചോദ്യത്തെ ഇന്ദിര പുച്ഛത്തോടെ തളളി. പിന്നീട്, അധികം താമസിയാതെതന്നെ വിലക്കയറ്റം, അഴിമതി, സ്വജനപക്ഷപാതം, അക്രമം തുടങ്ങിയ കാര്യങ്ങളില്‍ അന്തരീക്ഷം സംഘര്‍ഷഭരിതമായി. ജനശ്രദ്ധ അതിലേക്കു തിരിഞ്ഞു. അധികം താമസിയാതെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഭരണം ഒരു ഏഴാംകിട ഗുണ്ടയുടെ കീഴിലെ അധോലോകം പോലെ അധഃപതിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു പഞ്ചായത്തു മെമ്പര്‍ പോലുമല്ലാതിരുന്ന സഞ്ജയന്റെ നിയന്ത്രണത്തിലായി. ഭാരതം മുഴുവന്‍ ഗുണ്ടാഭരണത്തിന് കീഴിലായി.
രാജ്യം മുഴുവന്‍ ഒരു ഇരുട്ടറയായി മാറി. അതിനുള്ളില്‍ നടന്നിരുന്നത് മുഴുവന്‍ കൊള്ളരുതായ്മയായിരുന്നു എന്ന് ഇന്നത്തെ പൊടിമീശക്കാരായ കോണ്‍ഗ്രസ് കുട്ടികള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ലോക സംഘര്‍ഷസമിതിയുണ്ടാക്കി. രാജ്യം മുഴുവന്‍ ഇന്ദിരയുടെ രഹസ്യപ്പോലീസിനെ വെല്ലുന്ന ശൃംഖല കരുപ്പിടുപ്പിച്ചു. ജനാധിപത്യത്തെ വീണ്ടെടുക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിനു കോപ്പുകൂട്ടി. ജനാധിപത്യത്തില്‍ വിശ്വാസമുള്ള എല്ലാവരും അതില്‍ അണിചേര്‍ന്നു. സിപിഎം മാത്രം സമരത്തില്‍ അണിചേരാന്‍ ധൈര്യവും വിശ്വാസവുമില്ലാതെ വിട്ടുനിന്നു. സിപിഐ ഇന്ദിരയുടെയും സഞ്ജയന്റെയും അലക്കുകാരായി കൂടെക്കൂടി. സമരാനന്തരം പൈശാചികഭരണം പിഴുതെറിയപ്പെട്ടു. കോണ്‍ഗ്രസ് ചവറ്റുകുട്ടയിലായി. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ജനതാസര്‍ക്കാര്‍ ഇന്ദിര കുഴിച്ചിട്ട ചെമ്പുചുരുളുകള്‍ കുഴിച്ചെടുത്തു.
സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ എന്നതായിരുന്നു ഉള്ളടക്കം (1947-1972). ആധുനിക ഭാരതം സൃഷ്ടിച്ചത് ജവഹര്‍ലാല്‍ നെഹ്രുവും ഇന്ദിരയും മാത്രം! ഇന്ദിര കൂലി കൊടുത്ത് എഴുതിച്ച രാജ്യചരിത്രം! ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ ചോരയും ജീവിതവും നല്കി വീണ്ടെടുത്ത രാഷ്ട്രം ഒരച്ഛനും മകളും ചേര്‍ന്നു സൃഷ്ടിച്ചതാണെന്ന ചരിത്രമുണ്ടാക്കിയ പാരമ്പര്യമാണ് 1971ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇന്ദിരാ കോണ്‍ഗ്രസ്സിനുള്ളത്. അത് കോണ്‍ഗ്രസ് കുട്ടികള്‍ മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ടൈം ക്യാപ്സ്യൂള്‍ എന്ന് ഇംഗ്ലീഷിലും കാലപത്ര എന്ന് ഹിന്ദിയിലും ആയിരുന്നു ഈ വൃത്തികെട്ട ഏര്‍പ്പാടിന് ഇന്ദിര ഇട്ട പേര്!
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അല്‍പ്പം ചരിത്രവും അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. 1857ലെ മഹത്തായ വിപ്ലവം ബ്രിട്ടീഷുകാരെ ശരിക്കും ഞെട്ടിച്ചു. മത-ഭാഷാ-പ്രദേശ വ്യത്യാസമില്ലാതെ മുഴുവന്‍ ഭാരതവും ഉള്‍പ്പെട്ട ആദ്യ സമരമായിരുന്നു ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴിലേത്. ഇങ്ങനെ പോയാല്‍ ഭരണം മതിയാക്കി ഉടന്‍ കൊള്ള മുതലുമായി മടങ്ങേണ്ടിവരും എന്ന് ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ എന്തെങ്കിലും മറുവഴി കാണണം. അതിനു ചെയ്ത പല മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപനം. തീവ്രമായി വരുന്ന സ്വാതന്ത്രേ്യച്ഛയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ‘സേഫ്റ്റി വാല്‍വ്’ ആയിട്ടാണ് കോണ്‍ഗ്രസ്സിനെ സൃഷ്ടിച്ചതെന്ന് കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക ചരിത്രത്തില്‍ ഡോ. പട്ടാഭി സീതാരാമയ്യ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. രാജേന്ദ്രപ്രസാദ് എഴുതിയ ‘ഇന്ത്യാ ഡിവൈഡഡ്’ എന്ന ഗ്രന്ഥത്തിലും ഇതേകാര്യം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ തകരകള് കോണ്‍ഗ്രസ് ചരിത്രം ഒന്നു പരിശോധിക്കുമോ?
ആദ്യകാല കോണ്‍ഗ്രസ് അധ്യക്ഷന്മാര് പലരും ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു. അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോള്‍ ബാലഗംഗാധര തിലകനും അരവിന്ദ ഘോഷും നേതൃത്വത്തിലെത്തി. അപ്പോഴാണ്, അതുവരെ ബ്രിട്ടീഷുകാരെ വാഴ്ത്താന്‍ മാത്രം പ്രമേയങ്ങള്‍ പാസ്സാക്കിയിരുന്ന കൂട്ടായ്മ സ്വാതന്ത്ര്യസമരപ്രസ്ഥാനമായി പരിണമിച്ചത്. തിലകന്റെ കാലശേഷം മറ്റൊരു പതനത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി. സ്വാതന്ത്ര്യമല്ല ആവശ്യം, ഹിന്ദു -മുസ്ലീം ഐക്യമാണ് വേണ്ടത് എന്നതായി നയം. അതിനുവേണ്ടി സ്വാതന്ത്ര്യസമരങ്ങളെ വര്‍ഗീയവാദികള്‍ക്കു മുന്നില്‍ അടിയറ വച്ചു. മതനേതാക്കളുടെ കാലുപിടുത്തക്കാരായി ചുരുങ്ങി. ദേശീയ സ്വാതന്ത്ര്യമെന്ന മഹത്തായ അഭിലാഷം ഹിന്ദു – മുസ്ലീം ഐക്യം എന്ന ചുഴിയില്‍ മുങ്ങി ലക്ഷ്യമില്ലാതെ വിദൂരതയിലേക്ക് വലിച്ചെറിയപ്പെട്ടു. ജനങ്ങളില്‍ ദേശീയബോധമുണര്ത്തുന്നതിനു പകരം വര്‍ഗീയതക്കു കുടപിടിക്കുന്നതിന്റെ താത്വിക ന്യായീകരണം നടത്താന്‍ തത്രപ്പെട്ടു. രവീന്ദ്രനാഥ ടാഗോര്‍, ലാലാ ലജ്പത് റായ്, ആനി ബസന്റ്, സ്വാമി ശ്രദ്ധാനന്ദന്‍, മുഹമ്മദാലി ജിന്ന തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന്റെ അപകടവും അപഹാസ്യതയും ചൂണ്ടിക്കാട്ടി. എല്ലാവരും നാണംകെട്ടതു മിച്ചം.
ഇടയ്ക്കു നടന്നുകൊണ്ടിരുന്ന സത്യഗ്രഹ സമരങ്ങളില്‍ നേതാക്കള്‍ പലരും ജയിലില്‍ പൊയ്ക്കൊണ്ടിരുന്നു. മോട്ടിലാല്‍ നെഹ്റു ബ്രിട്ടീഷ് മേധാവിയോടൊപ്പം ഷാംപെയ്ന്‍ കുടിച്ചും വെടിപറഞ്ഞുമാണ് ത്യാഗമനുഷ്ഠിച്ചിരുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂരിന്റെ ‘നെഹ്റു: ഇന്ത്യയുടെ കണ്ടെത്തല്‍’ എന്ന പുസ്തകത്തില്‍ എഴുതിവച്ചിട്ടുണ്ട്. നെഹ്റു ആണെങ്കില്‍ വീട്ടുകാര്‍ കൊണ്ടുവരുന്ന മധുര പലഹാരങ്ങള്‍ കഴിച്ചും വീട്ടുകാര്‍ക്ക് കത്തെഴുതിയും പുസ്തകം വായിച്ചും ഉല്ലസിച്ചു കഴിഞ്ഞു.
കാലം പോകെ ജനങ്ങളില്‍ വര്‍ദ്ധിച്ചുവന്ന ദേശീയവികാരവും അതുവരെ ബ്രിട്ടീഷുകാരുടെ കീഴില്‍ അച്ചടക്കത്തോടെ നിന്ന ഭാരതീയരായ സൈനികരുടെ ആക്രമണങ്ങളും വിപ്ലവവും അട്ടിമറിയും കൂടിയായപ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ വിട്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി. അധികാരം ആര്‍ക്കു നല്‍കണമെന്ന തര്‍ക്കമുണ്ടായി. തങ്ങള്‍ക്കു സ്വന്തം രാജ്യം വേണമെന്നു മുസ്ലീം ലീഗ് സമ്മര്‍ദ്ദപ്പെടുത്തി. വിഭജനം നടത്തിയില്ലെങ്കില്‍ ഉടനെയൊന്നും അധികാരക്കസേരയില്‍ ഇരിക്കാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കു മനസ്സിലായി. തിലകന്റെ കോണ്‍ഗ്രസ് ‘അധികാരക്കോണ്ഗ്രസ്സായി’ അതിനോടകം അധഃപതിച്ചിരുന്നു. എഐസിസി മുമ്പു പാസ്സാക്കിയ അഖണ്ഡഭാരത പ്രമേയം നേതാക്കള്‍തന്നെ ചുരുട്ടി കടലിലെറിഞ്ഞു. എങ്ങനെയും അധികാരം മതി.
രാജ്യം വിഭജിച്ചു. തലേന്ന് ഉറങ്ങാന്‍ കിടന്നവര്‍ നേരം വെളുത്തപ്പോള്‍ ശത്രുക്കളായി. പാകിസ്ഥാനില്‍ പെട്ടു പേയ ഹിന്ദുക്കളെ നെഹ്റുവും കൂട്ടരും ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു. അവ ആ അനാഥരെ കടിച്ചുകീറി. വര്ഗീയക്കഴുകന്മാര് കൊത്തിവലിച്ചു. പതിനഞ്ചു ലക്ഷം പേര് കൊല്ലപ്പെട്ടു. ഇരുനൂറു ലക്ഷത്തോളം പേര് പലായനം ചെയ്തു. കോടിക്കണക്കിനു പേര് വഴിയാധാരമായി. കോണ്‍ഗ്രസ് നേതാക്കള്‍ പടക്കം പൊട്ടിച്ച് ദുരന്തം ആഘോഷിച്ചു. ഇതിനിടയില്‍ ഇനിയൊരിക്കലും സമ്മര്‍ദത്തിലാഴ്ത്തുന്ന സത്യഗ്രഹത്തിന്റെ സാഹചര്യം ഒഴിഞ്ഞതില്‍ നേതാക്കള്‍ ആശ്വാസം കൊണ്ടു. എല്ലാക്കാലത്തേക്കും അധികാരത്തിനുള്ള ഫിക്സഡ് ഡെപ്പോസിറ്റ് ആക്കി ഗാന്ധിജിയുടെ രക്തവും മാംസവും ഉപയോഗിച്ചു. ഗാന്ധിജിയോടൊപ്പം സത്യത്തെയും കുഴിച്ചുമൂടി. ഇനിയങ്ങോട്ട് അധികാരം മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തി.
1950ല്‍ ഭരണഘടന പ്രഖ്യാപിച്ചെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ധൈര്യമുണ്ടായില്ല. ഗാന്ധിജിയുടെ രക്തം നുണയുടെ സിമന്റില്‍ കുഴച്ച് കുത്തകാധികാരത്തിന്റെ അടിത്തറ ഉറച്ചു കിട്ടുന്നതിന് കുറച്ചുകൂടി സമയം ആവശ്യമായിരുന്നു. തുടക്കത്തിലേ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ഭരണഘടന പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ കോണ്‍ഗ്രസ് കാഴ്ചപ്പണ്ടമാക്കി അതിനെ മാറ്റി.
കുടുംബാധിപത്യം നിത്യമാക്കി മാറ്റുന്നതിനു വേണ്ടതെല്ലാം ചെയ്തിട്ടാണ് നവഭാരതശില്പി കളം വിട്ടത്. ഇടയില്‍ തടസ്സമായി വന്നേക്കുമായിരുന്ന പട്ടേല്‍ കാലഗതി പ്രാപിച്ചു. യുവഭാരതത്തിന്റെ ആവേശമായിരുന്ന സുഭാഷ് ചന്ദ്രബോസ് ഭാരതത്തിലേക്ക് ഒരുതരത്തിലും വരാതിരിക്കാനുള്ള ജാഗ്രത പാലിച്ചു. അതിനായി ബ്രിട്ടീഷ് – റഷ്യന്‍ ‘സുഹൃത്തുക്കളെ’ക്കൊണ്ടുതന്നെ വേണ്ട ശട്ടം കെട്ടി. പിന്നീട് അപ്രതീക്ഷിതമായി കടന്നുവന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രി ഒറ്റ രാത്രികൊണ്ട് ‘ഇല്ലാതായി’! വീണ്ടും അധികാരനഷ്ടം സംഭവിക്കുമെന്നു തോന്നിയപ്പോള്‍ അധികാരക്കോണ്ഗ്രസ്സില്ത്തന്നെ പിളര്‍പ്പുണ്ടാക്കി. അങ്ങനെ 1969ല്‍ ഉണ്ടാക്കിയെടുത്ത ഒരു കൃത്രിമ പാര്‍ട്ടിയാണ് ഭാരതത്തിനു
സ്വാതന്ത്ര്യം നേടിത്തന്നതെന്ന് വീമ്പു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാരുടെ പാര്‍ട്ടിയാണ് ഇന്നത്തെ ഇന്ദിരാ കോണ്‍ഗ്രസ് എന്ന കാര്യം അതിലെ ‘പിള്ളേര്’ തിരിച്ചറിഞ്ഞാല്‍ അവര്‍ക്കു കൊള്ളാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: