പാലക്കാട്: ആർഎസ്എസ് സ്ഥാപകൻ ഡോ. കെ.ബി. ഹെഡ്‌ഗേവാർ ദേശീയ വാദിയെന്നതിന് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. സ്വാതന്ത്ര്യസമര സേനാനിയാണെന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയെ തള്ളിപ്പറയാൻ സിപിഎമ്മിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
നഗരസഭയിലെ ഭിന്ന ശേഷി നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടൻ ചടങ്ങിൽ ഡിവൈഎഫ്ഐയും സിപിഎമ്മും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു പ്രശാന്ത് ശിവൻ. പദ്ധതി നടപ്പാകാതിരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമം തടഞ്ഞ പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പ് പറയണം. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പോലീസ് നടപടിയെടുക്കാത്തതിനാൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകും.
ഹെഡ്ഗേവാറിനെ അപമാനിച്ചതിൽ ഈ മാസം 16ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി. ‘മലപ്പുറം ജില്ലയിൽ വാരിയം കുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവൽക്കരണമാണെന്ന് പറയാൻ തയാറാകുമോ?.മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയ വാരിയംകുന്നന്റെ പേരിട്ടതിന് ബന്ധപ്പെട്ടവർ വിശദീകരണം നൽകണം.
പരിചിതമല്ലാത്ത പല രീതികളും കേരളത്തിൽ വരുന്നുണ്ട്. മതരാഷ്‌ട്രം കൈകാര്യം ചെയ്യുന്നവർ പലതും തിരികെ കയറ്റാൻ ശ്രമിക്കുന്നു.. പേരല്ല പ്രശ്നം. പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: