സൗന്ദര്യാകര്‍ഷണം കാവ്യത്തിന്റെ പൊതുസ്വഭാവമാണ്. ആശയം, ഭാവം, ഭാഷ, ഭാവന എന്നിവ സൗന്ദര്യത്തെ ആകര്‍ഷിക്കുമ്പോഴാണല്ലോ കാവ്യത്തിന്റെ ഉത്ഭവം. ആശയവും ഭാവനയും വാക്കുകളും സുന്ദരമായാല്‍ പോരാ, വാക്കുകളെ താളക്രമത്തില്‍ അടുക്കുന്ന കാര്യത്തിലും ശ്രദ്ധിച്ചെങ്കില്‍ മാത്രമേ കാവ്യം സുന്ദരമാകൂ. സഹൃദയരില്‍ കാവ്യാനുഭൂതിയുളവാക്കുന്നതില്‍ ഭാഷാക്രമീകരണം വലിയ പങ്കുവഹിക്കുന്നുണ്ട്. പക്ഷേ ഇന്നത്തെ പല കവികള്‍ക്കും ഇതൊക്കെ കൈമോശം വന്നിരിക്കുകയാണ്. വൃത്തം, പ്രാസം എന്നിവയിലൂടെയുള്ള ബാഹ്യക്രമീകരണമോ ആന്തരിക താളമോ ബാധകമല്ലാത്ത കാവ്യരചനകളാണ് ഇക്കാലത്ത് സുലഭം.
പല മുതിര്‍ന്ന കവികളുടെയും കവിതകളില്‍ കാണുന്ന ഈ ദുരവസ്ഥയില്‍നിന്ന് വ്യത്യസ്തമാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പ്രണവി പ്രമോദിന്റെ ‘My Tapestries’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. പുസ്തകത്തിലെ ‘ The Enchanted Pages’ എന്ന ആദ്യ കവിതയെ ‘Prose whispered in rhythm and rhyme” എന്നാണ് വിശേഷിപ്പിക്കുന്നത്. കാവ്യത്തിന്റെ സ്വത്വം താളാത്മകതയാണ്. താളാത്മകത നിലനിര്‍ത്താനാണ് ആന്തരിക താളത്തെ അനുഗമിക്കുന്ന വൃത്തം, പ്രാസം മുതലായ ബാഹ്യക്രമീകരണത്തെ ഈ കവി ആശ്രയിക്കുന്നത്.
കാവ്യം വിടര്‍ത്തുന്ന വിസ്മയലോകത്തെക്കുറിച്ചാണ് ‘The Enchanted pages.’ വ്യാവഹാരിക ലോകത്തെയും ജീവിതത്തെയും സൗന്ദര്യത്തിന്റെ മഷിച്ചാര്‍ത്തില്‍ വരച്ചിടുന്നതാണ് ഇതിലെ വരികള്‍. കാലാംശങ്ങള്‍ക്ക് അതീതമാണ് കവിത എന്ന കവിയുടെ നിരീക്ഷണം ഈ കവിതയില്‍ വായിക്കാം. ഇന്ദ്രിയങ്ങള്‍ കാട്ടിത്തരുന്ന ഐഹിക ലോകത്തിനപ്പുറമുള്ള വശ്യസുന്ദര ലോകമാണ് സര്‍ഗാത്മക കൃതികളിലെ ഓരോ വാക്കും വരിയും അനാവരണം ചെയ്യുന്നതെന്നും ഈ കവിത കാണിച്ചുതരുന്നു.
‘With every line, a heart can swell,
In stories woven, we find our spell
Each chapter breathes a life anew,
In every word, a world to view
…………………………………………..
For in the realm of ink and thought,
A universe awaits, forever sought.”
പരിസ്ഥിതി പ്രശ്‌നത്തെയും ഈ ഇളം പ്രതിഭ നൈസര്‍ഗികമായ കാവ്യഭാഷയിലൂടെ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്ന വൈരൂപ്യം ദര്‍ശിച്ചുള്ള ആശങ്കയാണ് ഈ കുഞ്ഞുമനസ്സ് രേഖപ്പെടുത്തുന്നത്:
‘Once, we walked through forests wide,
where rivers sang and stars would guide
We danced beneath a sky so clear,
But now our tears have drowned those years.”
സ്വപ്‌നങ്ങളെ വാനോളമെത്തിക്കാന്‍ വേണ്ടി മനുഷ്യര്‍ നിയന്ത്രണമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു. അതു വരുത്തിവച്ച പ്രകൃതിയുടെ ദീനരോദനവും നെടുവീര്‍പ്പുകളുമാണ് കവിയുടെ കാതുകളിലെത്തുന്നത്.
ശിശിരത്തില്‍ താഴെ കൊഴിഞ്ഞുവീഴുന്ന ഇലപ്പരപ്പില്‍ പാദങ്ങളമരുമ്പോള്‍ ചുറ്റിലും വീശുന്ന മന്ദമാരുതന്‍ കവിയുടെ ഇളം മനസ്സില്‍ താരാട്ടുപാട്ടിന്റെ പ്രതീതിയുളവാക്കുന്നതാണ് ‘Falling Leaves in Autumn’ എന്ന കവിത. ‘Realms of Dreams’ എന്ന കവിത ഈ കവിയെ ലൗകികമാത്രമായ ലോകത്തുനിന്ന് അസാധാരണമായ സ്വപ്‌നലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കണ്ടിട്ടില്ലാത്ത നിറക്കൂട്ടിന്റെയും കേട്ടിട്ടില്ലാത്ത കഥകളുടെയും പ്രതീക്ഷകളുടെയും അനന്തമായ സാധ്യതകളുടെയും അനുപമമായ ലോകം!
അനന്തതയെ ഉണര്‍ത്തുന്ന സാഗര ദൃശ്യം ഉള്ളത്തെ ആത്മാവിനോട് ബന്ധിപ്പിക്കുന്നതുപോലുള്ള നിര്‍വൃതിയായിട്ടാണ് കവിക്ക് അനുഭവപ്പെടുന്നത്. തീരങ്ങളില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ തിരികെപ്പോകുന്ന തിരകളോടൊപ്പം മാഞ്ഞുപോകുമെങ്കിലും അതുണര്‍ത്തുന്ന അനുഭൂതി മായുന്നതല്ലെന്ന് ‘Ocean’s Caress’ എന്ന കവിത പറയുന്നു.
അനന്തമായ ആകാശത്തെ ഭൂമിയോടു ചേര്‍ത്തിണക്കുകയാണ് മഴ. അത് മരങ്ങളെ ചുംബിച്ച് വിരസതയെ രസമയമാക്കുന്നു. മഴ ശമിക്കുമ്പോഴുള്ള സുഖകരമായ നിശ്ശബ്ദത ഹൃദയങ്ങള്‍ക്ക് തമ്മില്‍ സ്‌നേഹസന്തോഷങ്ങള്‍ പങ്കിടാനുള്ള അന്തരീക്ഷമൊരുക്കുകയും ചെയ്യുന്നതാണ് ‘Embrace of the Rain’ എന്ന കവിതയിലെ അനുഭൂതി.
സാരോപദേശം നല്‍കാനും പ്രണവിയിലെ കവി മറക്കുന്നില്ല. കണ്‍ഫ്യൂഷസിനെ ഉദ്ധരിച്ചുകൊണ്ട് ‘Beyond Yesterday’s Shadows’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു: ഭൂതകാലത്തെ ഓര്‍ത്ത് ദുഃഖിക്കുന്നത് ജീവിതം വ്യര്‍ത്ഥമാക്കുന്നതിനു തുല്യമാണ്. സംഭവിച്ചുപോയ അബദ്ധങ്ങളെ തിരിച്ചറിഞ്ഞ് കഴിഞ്ഞ കാലത്തെ കുരുക്കുകളെ അഴിച്ചെടുത്ത് വിശാലമായ ഭാവിയിലേക്കുള്ള പടവുകള്‍ കയറാനുള്ളതാണ് ജീവിതം.
മറവിയിലാണ്ടു പോകുന്ന വാഗ്ദാനങ്ങള്‍, നഷ്ടസ്മൃതികള്‍, ഹൃദയ വ്യഥകള്‍, ഒറ്റപ്പെടലുകള്‍… ജീവിതത്തിലെ പ്രത്യാഘാതങ്ങളില്‍ പ്രത്യാശയുടെ ഒരു തീപ്പൊരി, ഉല്‍ക്കര്‍ഷത്തിന്റെ സാധ്യത, ഭാവി സഫലതയ്‌ക്കുള്ള ആഹ്വാനം എന്നിവ കാണാന്‍ ശ്രമിക്കുന്ന കവിഹൃദയമാണ് ഈ സമാഹാരത്തിലെ കവിതകളില്‍ സ്ഫുരിക്കുന്നത്.
മാനവികതയിലാണ് മനുഷ്യജന്മത്തിന്റെ അര്‍ത്ഥവും സാഫല്യവും കവി കാണുന്നത്. മനുഷ്യകുലത്തിന്റെ ഭിന്നിപ്പുകളകറ്റി തുല്യരാണെന്ന ബോധം പകര്‍ന്ന് അവരവരുടെ സങ്കല്‍പ്പ സാക്ഷാത്കാരത്തിനായി ജീവിക്കാന്‍ മാനവികതയെ പ്രകാശിപ്പിക്കുകയാണ് ‘The Heart of Equality ‘ എന്ന കവിത:
‘In every heart, a story beats
with hopes and dreams, we all compete.
Yet shadows linger, deep and wide,
when one is silenced, others hide.
Equality’s light, a striding flame,
where every voice can stake its claim
……………………………………………..
So let as stand, side by side
in harmony, we’ll turn the tide
For in our unity, we see
the beauty of our shared humanity.”
‘Ode to All Teachers’ എന്ന കവിതയിലൂടെ ഈ കൊച്ചുകവി, വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരോടു തോന്നേണ്ടതായ ആദരവും കടപ്പാടും രേഖപ്പെടുത്തുകയാണ്:
‘With wisdom deep and care so true,
we honour all the work you do.
For in your hands, our future lie,
you teach us to reach the sky.’
ഗുരുശിഷ്യബന്ധത്തിന്റെ പവിത്രത നഷ്ടമാകുന്ന സമകാലത്ത് ഈ വാക്കുകള്‍ ഏറെ മൂല്യവത്താകുന്നു.
വാക്കുകളുടെ മാസ്മരലോകത്തേക്ക് അത്യന്തം ആകര്‍ഷിക്കപ്പെട്ടിരിക്കുന്ന ഈ കവി ബാഹ്യലോകത്തിന്റെ ഞെരുക്കങ്ങളില്‍ നിന്നും അസ്വാതന്ത്ര്യത്തില്‍ നിന്നുമൊക്കെ വിശ്രാന്തി തേടുന്നത് കാവ്യദേവതയെ ഉപാസിച്ചുകൊണ്ടാണ്: ‘I’m lost within the literary trance, where time dissolves.”
ഒരു ബാലപ്രതിഭയുടെ നിര്‍മല വികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുള്ള ഈ കവിതാസമാഹാരം അര്‍ത്ഥനിര്‍ഭരവുമാണ്. കവിതയുടെ സ്വത്വം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം ഗുണമേന്മയുള്ള രചനകള്‍ കുട്ടികളില്‍നിന്ന് ഉണ്ടാകുന്നത് അത്യന്തം ആഹ്ലാദകരമാണ്.
മാവേലിക്കര ബിഷപ്പ് മൂര്‍ വിദ്യാപീഠത്തില്‍ പഠിക്കുന്ന പ്രണവി പ്രമോദ് ഇംഗ്ലീഷിലും ഹിന്ദിയിലും കവിതകളും ചെറുകഥകളും രചിച്ചുകൊണ്ടിരിക്കുന്ന കഴിവുറ്റ സാഹിത്യകാരി കൂടിയാണ്. കാവ്യലോകത്തേക്കുള്ള പ്രണവിയുടെ കടന്നുവരവ് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: