കൊൽക്കത്ത : കേന്ദ്രം പാസാക്കിയ നിയമം അനുസരിക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് ബിജെപി എംപി സുധാൻഷു ത്രിവേദി. ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഭരണഘടനാ സംവിധാനത്തിൽ കേന്ദ്ര പാർലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാന നിയമസഭയ്‌ക്കും അധികാരമില്ലെന്ന് ബിജെപി എംപി പറഞ്ഞു. ഒരു മുനിസിപ്പാലിറ്റിക്കോ ജില്ലാ കൗൺസിലിനോ സംസ്ഥാന നിയമസഭ നിർമ്മിച്ച നിയമം അനുസരിക്കാതിരിക്കാൻ കഴിയില്ല എന്നതുപോലെ തന്നെയാണ് ഈ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടൊപ്പം കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബിൽ-2025 അംഗീകരിക്കാൻ മമത ബാനർജി വിസമ്മതിച്ചാൽ ബാബാ അംബേദ്കറിന്റെ ഭരണഘടനയോട് അവർക്ക് ബഹുമാനമില്ലെന്ന് ബിജെപി നേതാവ് വിമർശിച്ചു. ഈ നിയമം എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിച്ച ശേഷമാണ് നിർമ്മിച്ചിരിക്കുന്നത്. ഭരണഘടനയുടെ 256-ാം വകുപ്പ് കേന്ദ്ര നിയമങ്ങൾ അനുസരിക്കാൻ സംസ്ഥാന സർക്കാരുകൾ ബാധ്യസ്ഥരാണെന്ന് നിർദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഇൻഡി സഖ്യത്തിലെ പാർട്ടികളുടെ കൈകളിൽ ഭരണഘടന അപകടത്തിലാണെന്നും സുധാൻഷു ത്രിവേദി പറയുന്നു. ക്രിമിനലുകളുടെ പിന്തുണയോടെയാണ് മമത ബാനർജി സർക്കാർ നടത്തുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ഒരുപക്ഷേ ഇപ്പോൾ മമത അത്തരം കുറ്റവാളികളുടെ ബന്ദിയായി മാറിയിരിക്കാമെന്നും അദ്ദേഹം വിമർശിച്ചു. അവർക്ക് ഇപ്പോൾ ഇതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭേദഗതി ചെയ്ത വഖഫ് നിയമം-2025 രാജ്യത്ത് നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ വെള്ളിയാഴ്ച തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രധാനമായും പശ്ചിമ ബംഗാളിലെ പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ അക്രമം വ്യാപിപ്പിക്കുകയും ക്രമസമാധാനത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: