വാലിട്ടെഴുതിയ പൂമിഴി ചേലിലായ്-
മെല്ലെ മിഴിച്ചുവിഷുപ്പക്ഷി
ചില്ലയിലാലോലം തൂങ്ങിയിളകുന്ന
കര്‍ണ്ണികാരത്തോടു ചോദിച്ചു:
പൊന്നേ പൊന്നിന്‍ മാറ്റഴകേറ്റി നീ
ചിന്നിച്ചിരിച്ചു ലസിക്കുമ്പോള്‍
മഞ്ഞയിലാറാടിപ്പൊങ്ങുന്നിതോ മണ്ണും-
വിണ്ണുമേ കണ്ണിനിതാനന്ദം.
കുഞ്ഞിളം കാറ്റിനാല്‍ ചേലയുലഞ്ഞുവോ,-
പീലിയുഴിഞ്ഞോ, കുഴല്‍നാദം,
മെല്ലവേ കാലടിയൊച്ച, കിലുങ്ങിയോ-
കുഞ്ഞിക്കൊലുസിന്‍ ചിരിമേളം
കൈനീട്ടത്തിന്, വര്‍ണ്ണക്കണിക്കുളിര്‍-
കാഴ്ചയ്‌ക്ക്, കണ്‍പൊത്തിക്കാണുമ്പോള്‍
കണ്ണാടിക്കോണിലെ കുഞ്ഞു മിന്നാട്ടത്തില്‍
കണ്ടതിന്നാര്‍തന്‍ തിരനോട്ടം
കൊന്ന, തുളസിയും വെള്ളരി, കിന്നരി-
ചേര്‍ന്ന പൊന്നാടയുമോട്ടുരുളീം
സ്വര്‍ണ്ണവര്‍ണ്ണത്തിലരിമണി നെയ്‌ത്തിരീം
ചേര്‍ന്നൊരുക്കീടുന്നീ കൃഷ്ണനാട്ടം
എങ്ങും ഫലം ചൊരിഞ്ഞെങ്ങും
നിറം പകര്‍ന്നെന്തും മനം നിറച്ചാഹ്ലാദം
എല്ലാനിറങ്ങളുമൊന്നായലിഞ്ഞിഴി-
ഞ്ഞൊന്നില്‍ ലസിക്കും തിറയാട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: