ന്യൂദല്‍ഹി: കിറ്റെക്സ് ഓഹരികളുടെ വില കഴിഞ്ഞ ദിവസങ്ങളില്‍ ഏകദേശം 13 ശതമാനത്തോളം ഉയര്‍ന്ന് 218 രൂപ 35 പൈസയിലെത്തി. ഏപ്രില്‍ 9ന് വെറും 191 രൂപയുണ്ടായിരുന്ന ഓഹരിയാണ് രണ്ട് ദിവസത്തിനുള്ളില്‍ 218ല്‍ എത്തിയത്. പിണറായി സര്‍ക്കാരിനും കേരളത്തിലെ വ്യവസായമന്ത്രിയ്‌ക്കും കിറ്റെക്സിന്റെ ഈ കുതിപ്പ് അസ്വസ്ഥതസമ്മാനിക്കും. കാരണം കേരളത്തില്‍ നിന്നും പോയി തെലുങ്കാനയില്‍ കോടികള്‍ മുടക്കാന്‍ കിറ്റെക്സ് ഉടമ സാബു നിര്‍ബന്ധിതനായത് പിണറായി സര്‍ക്കാരില്‍ നിന്നുള്ള ചില സമ്മര്‍ദ്ദങ്ങള്‍ മൂലമായിരുന്നു.
ഇപ്പോഴിതാ ട്രംപിന്റെ പുതിയ ഇറക്കുമതി തീരുവ ഉയര്‍ത്തലാണ് കിറ്റെക്സിന് അനുഗ്രഹമായത്. ഇന്ത്യയ്‌ക്കെതിരെ 27 ശതമാനം ഇറക്കുമതി ചുങ്കം വസ്ത്രങ്ങള്‍ക്ക് ചുമത്തിയപ്പോള്‍ വിയറ്റ്നാം (46 ശതമാനം) ചൈന (54 ശതമാനം), ബംഗ്ലാദേശ് (37 ശതമാനം), കമ്പോഡിയ (49 ശതമാനം) എന്നിങ്ങനെയാണ് ചുമത്തിയത്. ഇതോടെ കേരളത്തില്‍ നിന്നുള്ള കിറ്റെക്സ് വസ്ത്രങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്നത് ചൈന, ബംഗ്ലാദേശ്, വിയറ്റ്നാം, കമ്പോഡിയ എന്നീ രാജ്യങ്ങളുടേതിനേക്കാള്‍ ചെലവ് കുറഞ്ഞതായി മാറും.
ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള വസ്ത്രകയറ്റുമതി 1,7ലക്ഷം കോടി മാത്രമാണ്. ബംഗ്ലാദേശില്‍ നിന്നും യുഎസിലേക്ക് 2024ലെ ഗാര്‍മെന്‍റ് കയറ്റുമതി 734 കോടി ഡോളര്‍ (63,083 കോടി രൂപ) ആയിരുന്നു. പക്ഷെ ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ കലാപം ഉണ്ടായ ശേഷം ഗാര്‍മെന്‍റ് ഫാക്ടറികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുകയാണ്. ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ചിലപ്പോള്‍ ബംഗ്ലാദേശിലെയും വിയറ്റ് നാമിലേയും ഫാക്ടറികള്‍ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിക്കപ്പെട്ടാലും പുതിയ സാഹചര്യത്തില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: