Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടലിൽ ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷിച്ചു ; പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിച്ച സുധാകരനെ ഞാൻ ഇടപെട്ടാണ് രക്ഷിച്ചത് ; എ കെ ബാലൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2025, 11:34 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രീയ ജീവിതത്തിലെ അവസാന പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ഓർമകൾ പങ്കുവെച്ച് സിപിഎം മുതിർന്ന കോൺഗ്രസ് എ കെ ബാലൻ. പല തവണ കുടിയിറക്കപ്പെട്ട തന്റെ ജീവിതത്തിൽ പുതിയൊരു പടയിറക്കം കൂടി നടന്നിരിക്കുകയാണെന്ന് എ കെ ബാലൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സംഭവ ബഹുലമായ തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും കുറിപ്പിൽ എ കെ ബാലൻ ഓർത്തെടുക്കുന്നുണ്ട്. കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്, കെ സുധാകരനുമായി പിണറായിയുടെ നേരിട്ടുള്ള വെല്ലുവിളി, ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർത്ഥികളെ കടലിൽ ഇറങ്ങി പിണറായി രക്ഷപ്പെടുത്തിയത് തുടങ്ങി നിരവധി സംഭവങ്ങൾ എ കെ ബാലൻ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

പാർട്ടി കോൺഗ്രസ് മധുരയിൽ പൂർത്തിയായ ഏപ്രിൽ ആറിന് രാത്രി തന്നെ താമസസ്ഥലമായ തിരുവനന്തപുരത്തെ എകെജി ഫ്ലാറ്റിലെത്തി. കൂടെ ഭാര്യ ജമീലയുമുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേകിച്ച് എവിടെയും പോകാൻ താൽപര്യം തോന്നിയില്ല. സമ്മേളന നഗരിക്കടുത്തുള്ള മധുര മീനാക്ഷി ക്ഷേത്രം പോലും കാണാൻ പോയില്ല. മധുര പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ തീരുമാനിച്ചത് മുതൽ കൂടെ വരാൻ ജമീല പ്രത്യേക താൽപര്യം കാട്ടി. കാരണം ഇതെന്റെ രാഷ്‌ട്രീയപ്രവർത്തനത്തിലെ അവസാന പാർട്ടി കോൺഗ്രസ് ആയിരുന്നു. പ്രായപരിധി കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവായ ഒരാളാണ് ഞാൻ. പ്രായപരിധി തീരുമാനം ഏറ്റവും ഉചിതമായതാണ്. വളരെ നേരത്തേ തന്നെ എടുക്കേണ്ടതായിരുന്നു.

എൻറെ ആദ്യത്തെ പാർട്ടി കോൺഗ്രസ് 1978ൽ ജലന്ധറിൽ ചേർന്ന പത്താം പാർട്ടി കോൺഗ്രസ് ആയിരുന്നു. അതിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ആദ്യമായി ഡൽഹി കാണുന്നത്. കോഴിക്കോട് ലോ കോളേജിൽ അവസാന വർഷം പഠിക്കുന്ന കാലഘട്ടം. ചുട്ടുപൊള്ളുന്ന വേനലിൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസിലെ യാത്ര. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമുള്ള പാർട്ടി കോൺഗ്രസ് ആയിരുന്നു അത്. കോടിയേരി ബാലകൃഷ്ണൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും ഞാൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു. കോഴിക്കോട്ടെ പാർട്ടി നേതാവായിരുന്ന അന്തരിച്ച സഖാവ് കേളുവേട്ടന്റെ ഇടപെടൽ മൂലമാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചത്. എൽഎൽബി അവസാനവർഷ പരീക്ഷയുടെ ഘട്ടമായതിനാൽ മനസ്സൊന്നു പിന്നോട്ടടിച്ചിരുന്നു. പക്ഷേ ആദ്യമായി പാർട്ടി കോൺഗ്രസിൽ പ്രതിനിധി ആവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും വയ്യ.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ ജ്യോതിബസു പാർട്ടി കോൺഗ്രസിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹത്തിൻറെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. സഖാവ് പി കെ കുഞ്ഞച്ചൻ പ്രസീഡിയത്തിൽ ഉണ്ടായിരുന്നു. കോഴിക്കോട് നിന്ന് എ കണാരൻ, വി ദക്ഷിണാമൂർത്തി, ടി പി ദാസൻ, യു കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കളും പാർട്ടി കോൺഗ്രസിന് ഉണ്ടായിരുന്നു. രാഷ്‌ട്രീയവും സംഘടനാപരവുമായ കാരണങ്ങളാൽ സഖാവ് പി സുന്ദരയ്യ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്ന ഘട്ടം. ഇതിൻറെ പ്രാധാന്യം അന്ന് അത്ര മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടന്ന ഓരോ പാർട്ടി കോൺഗ്രസും ഓരോ അനുഭവമായിരുന്നു. പ്രത്യേകിച്ച് ബംഗാൾ പ്രതിനിധികളെ കാണുന്നത് വല്ലാത്തൊരു ആവേശമായിരുന്നു. വെള്ള വസ്ത്രം ഭംഗിയായി ധരിച്ച് ആകർഷകമായിട്ടുള്ള അവരുടെ വരവ് കണ്ടാൽ കൊയ്‌ത്തു കഴിഞ്ഞ പാടത്തൂടെ താറാവുകൾ കുണുങ്ങിക്കുണുങ്ങി വരുന്നതു പോലെ തോന്നുമായിരുന്നു. അത് നല്ല കാഴ്ചയായിരുന്നു. പിന്നീട് രംഗം മാറി. പഴയതുപോലെ ഭംഗിയുള്ള വസ്ത്രങ്ങളോ ചൈതന്യം തുളുമ്പുന്ന മുഖങ്ങളോ കണ്ടില്ല. ഓരോ പാർട്ടി കോൺഗ്രസ് കഴിയുമ്പോഴും അവരുടെ പഴയ പൊലിമ കുറഞ്ഞു കുറഞ്ഞുവന്നു. എന്നാൽ കേരളത്തിലെ പ്രതിനിധികളിൽ ഈ മാറ്റം ഉണ്ടായിട്ടില്ല.

മൂന്നു സംസ്ഥാനം ഭരിച്ച പാർട്ടി. രാജ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സിപിഐഎം നേതാവ് ജ്യോതിബസുവിനെ ക്ഷണിച്ച ഘട്ടം വരെ ഉണ്ടായി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വരുന്നതിന് നിർണായക പങ്കുവഹിച്ച പാർട്ടി. പതിനാലാം പാർട്ടി കോൺഗ്രസിനു ശേഷമാണ് പിന്നോട്ടടി ഉണ്ടായത്. സാർവദേശീയ രംഗത്ത് സോവിയറ്റ് യൂണിയന്റെ തകർച്ച പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ബംഗാളിലും ത്രിപുരയിലും ഗവൺമെൻറ് നഷ്ടപ്പെടാൻ മറ്റു കാരണങ്ങളും ഉണ്ടായി. 1980 നു ശേഷം കേരളത്തിൽ മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയെ തകർത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒന്നിടവിട്ട അവസരങ്ങളിൽ അധികാരത്തിൽ വന്നു. ഇപ്പോൾ ചരിത്രത്തിൽ ആദ്യമായി സഖാവ് പിണറായി നേതൃത്വം കൊടുക്കുന്ന രണ്ടാം പിണറായി ഗവൺമെൻറ് അധികാരത്തിൽ വന്നു. ആകെ പ്രതീക്ഷയുടെ ഒരു ചെറിയ തുരുത്ത്.

ഈ ഘട്ടത്തിലാണ് സഖാവ് എം എ ബേബി പാർട്ടി ജനറൽ സെക്രട്ടറിയായി വന്നത്. 85 അംഗ പാർട്ടി കേന്ദ്ര കമ്മിറ്റിയെയും മധുരയിൽ നടന്ന പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. സഖാവ് എം എ ബേബി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടും ഞാൻ സെക്രട്ടറിയുമായി കുറച്ചുകാലം ഉണ്ടായിരുന്നു. 1977 -78 കാലം. എസ്എഫ്ഐ ഏഴാം സംസ്ഥാന സമ്മേളനത്തിലാണ് ഞാൻ സെക്രട്ടറിയാവുന്നത്. എം എ ബേബി അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സംസ്ഥാന പ്രസിഡണ്ടായി തോമസ് ഐസക് ചുമതലയേറ്റത്.

നിലവിലുള്ള സിസിയിൽ നിന്നാണ് ഞാൻ മാറുന്നത്. ചില ഓർമ്മകൾ എത്ര മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല. ഇത്തരമൊരു മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് പല സഖാക്കളും സ്നേഹപൂർവ്വം എന്നെ വിളിക്കുന്നത്. ചില കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ഓർമ്മകളായി പങ്കുവെക്കുന്നു.

ഇന്നലെ രാത്രിയാണ് തലശ്ശേരിയിൽ നിന്ന് ബഹുമാനപ്പെട്ട സ്പീക്കർ എ എൻ ഷംസീർ എന്നെ വിളിച്ചത്. “ബാലേട്ടൻ ഇപ്പോൾ എവിടെയാണ്? 60 വർഷത്തിലധികം നീണ്ട പൊതുജീവിതത്തിൽ തലശ്ശേരി മറക്കാൻ പറ്റില്ലല്ലോ. ഇടയ്‌ക്ക് വിളിക്കാൻ തോന്നി……. “. ഞാൻ മൂളിക്കേട്ടു. അന്ന് ഉറങ്ങിയത് വളരെ വൈകിയാണ്.

തലശ്ശേരിയുമായുള്ള എൻറെ ബന്ധം എന്നെ ഓർക്കുന്നവർക്ക് മറക്കാൻ കഴിയില്ല. തിരിച്ച് എനിക്കും കഴിയില്ല. അക്ഷരാർത്ഥത്തിൽ സംഭവബഹുലമായ ബ്രണ്ണൻ കാലം. തലനാരിഴയ്‌ക്ക് ജീവൻ തിരിച്ചുകിട്ടിയ സന്ദർഭങ്ങൾ, സഖാവ് അഷ്റഫിന്റെ രക്തസാക്ഷിത്വം, ആദ്യമായി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും എസ്എഫ്ഐ പിടിച്ചെടുത്ത ഘട്ടം, സഖാവ് ഇഎംഎസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യാൻ വന്ന ഘട്ടം. ഇഎംഎസിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സഖാവ് പിണറായി വിജയൻറെ സംരക്ഷണം. സഖാവ് ഇഎംഎസ് ഇരിക്കുന്ന വേദിയിൽ കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ എൻറെ ആദ്യത്തെ പ്രസംഗം. കെ സുധാകരനുമായി പിണറായിയുടെ നേരിട്ടുള്ള വെല്ലുവിളി, കെ സുധാകരന്റെ പിന്മാറ്റം, പിണറായി പരീക്ഷ എഴുതാതെ തിരിച്ചുപോയത്. കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയ ഘട്ടം. പ്രിൻസിപ്പാളിന്റെ റൂമിൽ അഭയം തേടിയ സുധാകരനെ ഒരിക്കൽ ഇടപെട്ട് ഞാൻ രക്ഷിച്ചത്. ഇതിനൊക്കെ സാക്ഷിയാവാൻ കഴിഞ്ഞ കുറെ ആളുകൾ ജീവിച്ചിരിപ്പുണ്ട്. പലരും കാലയവനികക്കുള്ളിൽ മറഞ്ഞു.

1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെ എസ് എഫ് പ്രവർത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം തലശ്ശേരി സ്റ്റേഡിയം കോർണറിൽ നടത്തിയ പ്രതിഷേധയോഗം. അതിൽ പിണറായി പോലീസിനെതിരെ നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം.

ഇതേ കാലഘട്ടത്തിൽ തന്നെ (1967-69) ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ, ബ്രണ്ണൻ കോളേജിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന ഘട്ടത്തിൽ കെ സുധാകരൻ കാട്ടിയ പ്രതിഷേധം. അതിൽ നിന്ന് സി എച്ചിനെ സംരക്ഷിച്ചത്. പ്രതിഷേധം അവഗണിച്ച് സി എച്ച് നടത്തിയ അതിമനോഹരമായ പ്രസംഗം. അതിൽ ആവേശം കൊണ്ട് “സി എച്ച് എം കോയാ സിന്ദാബാദ് ” എന്ന് ഞാൻ വിളിച്ച മുദ്രാവാക്യം ആവേശം പൂണ്ട വിദ്യാർത്ഥികൾ ഏറ്റുവിളിച്ചത്. പ്രസംഗം കഴിഞ്ഞ് സി എച്ച് എൻറെ അടുത്തുവന്ന് അഭിനന്ദിച്ചത്. ഇതിനു സാക്ഷിയായി നിന്ന എം എൻ വിജയൻ മാഷിൻറെ മുഖഭാവം.

1969ലെ കെഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി മുകുന്ദ് ടാക്കീസിന്റെ അടുത്ത് ഞാൻ അടക്കമുള്ള കുറച്ച് വിദ്യാർത്ഥികൾ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ആക്രമിക്കാൻ വന്ന ഗുണ്ടകളെ പിണറായിയുടെ നേതൃത്വത്തിൽ ചെറുത്ത് തിരിച്ചോടിച്ചത്. ഓർമ്മകളുടെ തിരമാലകളിൽ രാവിൻറെ പകുതി പോയത് അറിഞ്ഞില്ല. പിന്നീട് ഉറക്കം വന്നില്ല.

ബ്രണ്ണൻ കോളേജ് പരിസരത്ത് എത്രയോ തവണ എൻറെ ചോര തെറിച്ചു വീണിട്ടുണ്ട്. വലതുകാലിന്റെ സ്വാധീനം കുറഞ്ഞു. മുറിവേറ്റു ആശുപത്രിയിലായ എൻറെ തല തുന്നി കെട്ടാൻ, പിടയുന്ന എൻറെ കൈപിടിച്ചുകൊണ്ട് ഡോക്ടറെ സഹായിച്ച പിണറായി വിജയൻറെ മുഖം മറക്കാനാവില്ല. ഒരു കള്ളക്കേസിൽ അകപ്പെട്ട പിണറായിയുടെ കേസ് നടത്തിപ്പിനു വേണ്ടി മേലൂർ ചിറക്കുനി മുതൽ പാറാൽ ചൊക്ലി വരെയുള്ള ബീഡി കമ്പനികളിൽ കയറി തൊഴിലാളികളിൽ നിന്ന് ഫണ്ട് ശേഖരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഉപ കേന്ദ്രം തലശ്ശേരിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന രണ്ടുമാസം നീണ്ടുനിന്ന ഐതിഹാസികമായ വിദ്യാർത്ഥി സമരം. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥികൾ നേതൃത്വം നൽകിയ ആ സമരത്തിൻറെ വിജയ സ്മാരകമാണ് ഇന്ന് പാലയാട് കാണുന്ന യൂണിവേഴ്സിറ്റി സെൻറർ. സമരസമിതി കൺവീനർ എന്ന നിലയിൽ എൻറെ പ്രവർത്തനത്തിന് വിദ്യാർത്ഥികൾ നൽകിയ അംഗീകാരമായിരുന്നു അത്. ഇതിൽ സജീവമായി പങ്കുവഹിച്ച ഒരാളായിരുന്നു മമ്പറം ദിവാകരൻ.

ബ്രണ്ണൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ ആദ്യത്തെ വിജയത്തിന് പിന്നിൽ ഒരു പിണറായി ടച്ച് ഉണ്ടായിരുന്നു. ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ എസ്എഫ്ഐ വിദ്യാർത്ഥികളുടെ ഒരു ആശ്വാസ കേന്ദ്രമായിരുന്നു. എൻറെ ഭക്ഷണത്തിൻറെ ഒരു ഭാഗം ഹോസ്റ്റലിലേക്ക് വരുന്ന കോടിയേരിക്ക് വേണ്ടി നീക്കിവെക്കുമായിരുന്നു. ബാലകൃഷ്ണന്റെ അമ്മ എന്നെ മകനെ പോലെയാണ് കണ്ടതും സ്നേഹിച്ചതും. ഞാനും ബാലകൃഷ്ണനും പരസ്പരം നിഴൽ പറ്റി ജീവിച്ചു.

യൂണിവേഴ്സിറ്റി സെൻറർ സ്ഥാപിക്കാൻ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയ രംഗം കൺമുന്നിൽ നിന്ന് പോകുന്നില്ല.

12 – 8 -2022 ൽ കോടിയേരി ബാലകൃഷ്ണന്റെ അവസാനത്തെ പത്രസമ്മേളനത്തിന് എന്നെ കൂടെ ഇരുത്തണമെന്ന് നിർദ്ദേശിച്ചത് സഖാവ് പിണറായി ആയിരുന്നു.

നല്ല ജോലി ലഭിക്കാനുള്ള അവസരങ്ങൾ പാർട്ടിക്കുവേണ്ടി ഞാൻ ഉപേക്ഷിച്ചു. പാർട്ടി അതിനേക്കാൾ വലുത് എനിക്ക് തിരിച്ചു തന്നു. പ്രതീക്ഷിക്കാത്ത പദവികളും വാഗ്ദാനം ചെയ്തു. വിനയത്തോടെ അവ നിരസിച്ചു.

ബഹു. സ്പീക്കർ ഷംസീറിന്റെ ചോദ്യം മറ്റൊരു രൂപത്തിൽ എൻറെ അമ്മ ചോദിച്ചതാണ്. അമ്മയുടെ അവസാന നാളുകളിൽ കുറച്ചുദിവസം ഞാൻ ആശുപത്രിയിൽ തന്നെയായിരുന്നു. തലോടിക്കൊണ്ട് അമ്മ പറഞ്ഞു, “മോനേ നീ ഇവിടെത്തന്നെ ഇരുന്നാൽ പാർട്ടിക്കാർ മറന്നു പോകും”. മനസ്സിനുള്ളിൽ അപ്പോൾ ഇടിയും മിന്നലും അനുഭവപ്പെട്ടു. പാർട്ടിക്കാർ മറന്നു പോകാതിരിക്കാൻ ജനങ്ങളുടെ ഇടയിലേക്ക് പോകണമെന്ന അമ്മയുടെ ഉപദേശം മറക്കാൻ കഴിയില്ല. എഴുത്തും വായനയും അറിയാത്ത അമ്മയുടെ വർഗ്ഗബോധം മനസ്സിലാക്കാൻ എത്ര ക്ലാസിക്കുകൾ ഇനിയും വായിക്കണം.

എൻ പ്രഭാകരന്റെ “ബ്രണ്ണൻ” കാലഘട്ടത്തിലെ ഒരു കഥാപാത്രമാണ് ഞാൻ. എന്നെ വിദ്യാർഥി രാഷ്‌ട്രീയത്തിലേക്ക് ആകർഷിച്ച പ്രധാനപ്പെട്ട ഒരാളാണ് സഖാവ് സി പി അബൂബക്കർ. അദ്ദേഹത്തിൻറെ “വാക്കുകൾ ” എന്ന ആത്മകഥയിൽ എന്നെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.

ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും കുടിയിറങ്ങി. കണ്ണൂരിലെ അഴീക്കോടൻ മന്ദിരം, കോഴിക്കോട് സി എച്ച് മന്ദിരം, പാലക്കാട് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം ഇവിടങ്ങളിൽ നിന്ന് സ്വമേധയാ കുടിയിറങ്ങി. അവസാനം എകെജി ഫ്ലാറ്റിൽ നിന്നും കുടിയിറങ്ങാൻ പോകുന്നു. അടുത്ത കുടിയിരിപ്പ് എവിടെ? ഈ കുറിപ്പ് അവസാനിക്കുന്നില്ല. മറ്റൊരു രൂപത്തിൽ തുടരും.

 

Tags: ak balanFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വോട്ട്ബാങ്ക് നിര്‍ണയിക്കുന്ന മനുഷ്യാവകാശങ്ങള്‍

Kerala

എകെ ബാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരന് മൂത്ത് നരച്ച് ബുദ്ധി കുറവായിരിക്കുന്നു-കെഎം ഷാജി

വി.കെ. മിനിമോള്‍, എ.കെ. ബാലന്‍
Kerala

ഈമാനുള്ള കമ്യൂണിസ്റ്റും; സഭയുടെ മേയറും

Kerala

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

Main Article

മാറാട്: അവര്‍ ഒന്നായിരുന്നു എന്നും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.