ന്യുയോർക്ക് : ഹിന്ദുഫോബിയയ്‌ക്കും ഹിന്ദു വിരുദ്ധ മതഭ്രാന്തിനും എതിരെ നിയമം കൊണ്ടുവരാൻ ഒരുങ്ങി ജോർജ്ജിയ . ഇതിനായുള്ള ബിൽ അവതരിപ്പിച്ചു കഴിഞ്ഞു . ബിൽ, നിയമമായി പ്രാബല്യത്തിൽ വന്നാൽ, ഹിന്ദുഫോബിയയെ വ്യക്തമായി നിർവചിക്കുന്നതിനായി ജോർജിയയുടെ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുകയും യുഎസിൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഉചിതമായ നടപടിയെടുക്കാൻ നിയമ നിർവ്വഹണ ഏജൻസികളെ നിർദ്ദേശിക്കുകയും ചെയ്യും.
ബിൽ പാസായാൽ ഈ നിയമം നടപ്പിലാകുന്ന ആദ്യ സംസ്ഥാനമാകും ജോർജിയ. റിപ്പബ്ലിക്കൻ സെനറ്റർമാരായ ഷോൺ സ്റ്റിൽ, ക്ലിൻ്റ് ഡിക്സൺ, ഡെമോക്രാറ്റിക് സെനറ്റർമാരായ ജേസൺ എസ്റ്റീവ്സ്, ഇമ്മാനുവൽ ഡി ജോൺസ് എന്നിവർ സംയുക്തമായി നിയമനിർമ്മാണത്തെ പിന്തുണച്ചു.
നോർത്ത് അമേരിക്കൻ ഹിന്ദു സംഘടനകളുടെ കൂട്ടായ്മയായ സി.ഒ എച്ച്.എൻ.എ ആണ് വിവരം പുറത്തുവിട്ടത്. 2023 ഏപ്രിലിൽ ജോർജിയ ഹിന്ദുഫോബിയയെയും ഹിന്ദു വിരുദ്ധ മതഭ്രാന്തിനെയും അപലപിക്കുന്ന പ്രമേയം പാസാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ നീക്കം. 100-ലധികം രാജ്യങ്ങളിലായി 1.2 ബില്യണിലധികം അനുയായികളുള്ള, ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളിലൊന്നായി ഹിന്ദുമതത്തെ ആ പ്രമേയം അംഗീകരിച്ചിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: