വാഷിംഗ്ടൺ : കൊളംബിയ യൂണിവേഴ്സിറ്റിയിലെ പലസ്തീൻ അനുകൂല ബിരുദ വിദ്യാർത്ഥി മഹ്മൂദ് ഖലീലിനെ ട്രംപ് ഭരണകൂടം നാടുകടത്തിയേക്കും. ലൂസിയാന ഇമിഗ്രേഷൻ ജഡ്ജി ജാമി കോമൺസ് വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം അറിയിച്ചത്.
ഖലീലിന്റെ വീക്ഷണങ്ങൾ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം ജഡ്ജി ശരിവച്ചു. പുറത്താക്കൽ തീരുമാനം കോടതി ശരിവയ്‌ക്കുമെന്ന് ജഡ്ജി ജാമി കോമൺസ് പറഞ്ഞു. 30 കാരനായ ഖലീലിന് ഏപ്രിൽ 23 വരെ അമേരിക്കയിൽ തുടരാം.
എൻബിസി ന്യൂസ് പ്രകാരം മഹ്മൂദ് ഖലീൽ കഴിഞ്ഞ മാസമാണ് അറസ്റ്റിലായത്. നേരത്തെ ന്യൂജേഴ്‌സിയിലെ ഒരു ഫെഡറൽ ജഡ്ജി ഖലീലിന്റെ നാടുകടത്തൽ താൽക്കാലികമായി തടഞ്ഞിരുന്നു. തുടർന്ന് തങ്ങളുടെ പോരാട്ടം തുടരുമെന്ന് ഖലീലിന്റെ അഭിഭാഷകൻ മാർക്ക് വാൻ ഡെർ ഹൗട്ട് വിധി പുറത്ത് വന്നതിനുശേഷം പറഞ്ഞിരുന്നു.
നേരത്തെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഇസ്രായേലിനെതിരെ ഒരു പ്രതിഷേധ പ്രകടനം നടന്നിരുന്നു. ക്യാമ്പസിലെ ഈ പ്രതിഷേധ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത് വിദ്യാർത്ഥിയായ മഹ്മൂദ് ഖലീൽ ആയിരുന്നു. ഇസ്രായേലിനെതിരായ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മുഖമായി മാധ്യമങ്ങളടക്കം ചിത്രീകരിച്ചത് മഹ്മൂദ് ഖലീലിനെ ആയിരുന്നു.
കൊളംബിയ യു അപ്പാർത്തീഡ് ഡൈവെസ്റ്റിന്റെ (സിയുഎഡി) നേതാക്കളിൽ ഒരാളാണ് ഖലീൽ. ഹമാസിനെ പിന്തുണയ്‌ക്കുന്ന ഒരു വിദ്യാർത്ഥി സംഘടനയാണിത്. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥി പ്രസ്ഥാനത്തെ ആഘോഷിക്കുകയും സമാനമായ തീവ്രമായ നടപടികൾക്ക് വാദിക്കുകയും ചെയ്തതും ഇതേ ഗ്രൂപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: