ന്യൂദല്‍ഹി: ഇന്ത്യയെ തോക്കിന്മുനയില് നിര്‍ത്താന്‍ ആര്‍ക്കുമാവില്ലെന്നും ആദ്യം ഇന്ത്യ എന്നതാണ് സമീപനമെന്നും കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യയും യുഎസും തമ്മില്‍ മികച്ച വ്യാപാരക്കരാര്‍ ഉണ്ടാക്കുമെന്നും 2030 ഓടെ യുഎസുമായുള്ള വ്യാപാരം ഇരട്ടിയാക്കുമെന്നും അത് 50000 കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. ഇപ്പോള്‍ വെറും 19100 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്നത്. ഇന്ത്യയ്ക്കെതിരെ യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവ അടുത്ത 90 ദിവസത്തേക്ക് മരവിപ്പിച്ച സാഹചര്യത്തിലാണ് പീയൂഷ് ഗോയലിന്റെ ഈ പ്രതികരണം. മാത്രമല്ല, ചൈനയ്ക്കെതിരെ 145 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഇറക്കുമതി തീരുവ വെറും 10 ശതമാനമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് യുഎസ്.
യുഎസുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കുമ്പോഴും ഇന്ത്യയുടെ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുമെന്നും സമ്മര്‍ദ്ദത്തിനടിമപ്പെട്ട് ഒരു കരാറും ഉണ്ടാക്കില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. എന്തായാലും ഇന്ത്യയെ തോക്കിന്മുനയില് നിര്‍ത്തി കരാര്‍ ഒപ്പിടീക്കാന്‍ കഴിയില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
വ്യാപാരക്കരാര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് യുഎസ് പറയുന്നത് നല്ലതാണ്. രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാന്‍ കഴിയാത്തിടത്തോളം തിരക്ക് പിടിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: