ലണ്ടന്‍: അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് രംഗത്ത് ഇന്ത്യ ലോകത്തിലെ ആറാമത്തെ ശക്തിയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലണ്ടനില്‍ നിക്ഷേപചര്‍ച്ചയില്‍ പങ്കെടുത്തുവരുന്ന നിര്‍മ്മല സീതാരാമന്‍ ഒരു ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2032 ആകുമ്പോഴേക്കും ജര്‍മ്മനി, കാനഡ, ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളെ ഇന്ത്യ ഇന്‍ഷുറന്‍സ് രംഗത്ത് മറികടക്കുമെന്നാണ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് നിയന്ത്രിത സ്ഥാപനമായ ഐആര്‍ഡിഎഐയുടെ കണക്കുകള്‍ പറയുന്നത്. 2026ല്‍ ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയിലെ വരുമാനം 22200 കോടി ഡോളര്‍ ആയി ഉയരും. ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് ഇന്ത്യയില്‍ 2025ലെ ആദ്യ സാമ്പത്തികപാദത്തില്‍ ലഭിച്ച പ്രീമിയത്തില്‍ നിന്നുള്ള വരുമാനം 89,726 കോടി രൂപയാണ്. ഇത് 2024ലെ ഇതേ കാലയളവില്‍ ലഭിച്ച 73000 കോടി രൂപ എന്നതിനേക്കാള്‍ പത്ത് ശതമാനത്തോളം അധികമാണ്. കേന്ദ്രസര്‍ക്കാരും ഇന്‍ഷുറന്‍സ് രംഗത്ത് ശക്തമായി ചുവടുവെയ്‌ക്കുകയാണ്. വയോജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സയ്‌ക്ക് വാഗ്ദാനം നല്‍കുന്ന പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന വലിയ ചുവടുവെയ്പാണ്. കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയും ഇന്‍ഷുറന്‍സ് രംഗത്തേക്കുള്ള ശക്തമായ മുന്നേറ്റമാണ്.
“ആഗോള ഫിന്‍ടെക് വിപ്ലവത്തില്‍ ഇന്ത്യ മുന്നിലാണ്. ലോകത്ത് ആകെ നടക്കുന്ന തത്സമയ പണക്കൈമാറ്റത്തിന്റെ പകുതിയും ഇന്ത്യയാണ് കൈകാര്യം ചെയ്യുന്നത്. ഫിന്‍ടെക് സ്വീകരിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. 87 ശതമാനമാണ് ഇന്ത്യയുടെ ഫിന്‍ടെക് സ്വീകാര്യത. “- നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
“കഴിഞ്ഞ 10 വര്‍ഷമായി വലിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയില്‍ നടന്നുവരികയാണ്. ബിസിനസില്‍ ക്രിമിനല്‍ സാന്നിധ്യം ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യാപാരികള്‍ക്കും വിവിധ നിയമങ്ങള്‍ അനുസരിക്കേണ്ടുന്നതിന്റെ ഭാരം കുറയ്‌ക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നടന്നുവരികയാണ്. “- നിര്‍മ്മല സീതാരാമന്‍ പറയുന്നു. യുകെയിലെ ധനകാര്യസ്ഥാപനങ്ങളും വിദേശരാജ്യങ്ങളുടെ പിന്തുണയുള്ള നാഷണല്‍ ഇന്‍വെസ്റ്റ് മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടും (എന്‍ ഐഐ എഫ്) ഉള്‍പ്പെടെ വന്‍നിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: