പ്രമുഖ സ്വകാര്യ കമ്പനിയില്‍ നിന്ന് കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും, മുഖ്യപ്രതിയായ മകള്‍ വീണക്കും ഇരട്ട പ്രഹരം. എക്സാലോജിക് സൊലൂഷന്‍സ് എന്ന ഐടി കമ്പനിയുടെ മേധാവിയായ വീണയ്‌ക്കെതിരെ കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളിയതാണ് ഒന്നാമത്തെ പ്രഹരം. മാസപ്പടിക്കേസില്‍ അന്വേഷണം നടത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതാണ് രണ്ടാമത്തെ പ്രഹരം. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നതിന്റെ പശ്ചാത്തലത്തില്‍ അച്ഛനെയും മകളെയും പ്രതിരോധിക്കാന്‍ സിപിഎം നേതാക്കള്‍ പരസ്പരം മത്സരിക്കുന്നതിനിടയാണ് കോടതിയുടെയും ദേശീയ അന്വേഷണ ഏജന്‍സിയുടെയും ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ വീണയും അമ്മയും തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നല്ലപിള്ള ചമയാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.
സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയാണ് ദല്‍ഹി ഹൈക്കോടതി തള്ളിയതെങ്കിലും ഉത്തരവ് വീണയ്‌ക്കും ബാധകമാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും, കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരിക്കെ എങ്ങനെയാണ് തുടര്‍നടപടികള്‍ തടയാനാവുക എന്നാണ് ദല്‍ഹി ഹൈക്കോടതി ചോദിച്ചത്. കോടതികളില്‍ നിന്ന് കഴിയുന്നതും പ്രതികൂല വിധിയുണ്ടാവാതെ നോക്കുക. അല്ലെങ്കില്‍ കേസ് പരമാവധി നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രമാണ് എക്സാലോജിക്കും സിഎംആര്‍എല്ലും പ്രയോഗിക്കുന്നത്. ഇതിനാണ് തിരിച്ചടിയേറ്റിക്കുന്നത്. ഇരുകമ്പനികളും തമ്മില്‍ ഗള്‍ഫിലെ ഒരു ബാങ്കില്‍ പണമിടപാടുകള്‍ നടന്നതായി എസ്എഫ്ഐഒ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതാണ് ഇഡി അന്വേഷണത്തിന് വഴിവച്ചിരിക്കുന്നത്. ഇഡി അന്വേഷണത്തിന് പിന്നാലെ സിബിഐയും കേസില്‍ അന്വേഷണം നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെ സംഭവിച്ചാല്‍ പിണറായിയുടെ കുടുംബവുമായി ബന്ധപ്പെട്ട് എന്തൊക്കെ വിവരങ്ങളാണ് പുറത്തുവരുകയെന്ന് പ്രവചിക്കാനാവില്ല. ഒരു കാര്യം ഉറപ്പാണ്. പിണറായിയെ ചുറ്റിപ്പറ്റിയുള്ള പല നിഗൂഢതകള്‍ക്കും ഇതുവഴി ചുരുളഴിയും. ഈ ആശങ്ക മുഖ്യമന്ത്രിക്കുണ്ട്.
എസ്എന്‍സി ലാവ്ലിന്‍ അഴിമതിക്കേസില്‍നിന്ന് താന്‍ രക്ഷപ്പെട്ടതുപോലെ മാസപ്പടി കേസില്‍നിന്ന് മകളെയും രക്ഷിച്ചെടുക്കാനാണ് പിണറായി വിജയന്‍ നോക്കുന്നത്. തനിക്കെതിരെ നടപടിക്ക് സാധ്യതയുള്ള കേന്ദ്രങ്ങളെ ഏതുവിധേനയും വിലക്കെടുത്താണ് ലാവ്ലിന്‍ കേസില്‍ നിന്ന് പിണറായി രക്ഷപ്പെട്ടത്. ഇത്തരം കേസുകളില്‍ സമര്‍ത്ഥമായി ഇടപെടുന്നതിനാണ് സേവനത്തില്‍നിന്ന് വിരമിച്ച ചില പ്രമുഖരെ വന്‍തോതില്‍ നികുതിപ്പണം ശമ്പളമായി നല്‍കി പിണറായി സ്വന്തം പാര്‍ശ്വവര്‍ത്തികളാക്കി വച്ചിരിക്കുന്നത്. എന്നാല്‍ മകള്‍ പ്രതിയായ മാസപ്പടിക്കേസില്‍ ഈ തന്ത്രം വിജയിക്കണമെന്നില്ല. എന്നു മാത്രമല്ല മകള്‍ക്ക് പിന്നാലെ അച്ഛനും കേസില്‍ പ്രതിയാവാനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു. അച്ഛന്റെ രാഷ്‌ട്രീയ പിന്‍ബലത്തിലാണ് മകള്‍ക്ക് സ്വകാര്യ കമ്പനി മാസപ്പടി നല്‍കിയതെന്ന് എസ്എഫ്ഐഒ കുറ്റപത്രത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ സ്വകാര്യ കമ്പനിയില്‍നിന്ന് പിണറായിയും പണം കൈപ്പറ്റിയതായി കുറ്റപത്രത്തിലുണ്ട്.
തന്റെ രക്തത്തിനുവേണ്ടി വാദിക്കുന്നവരാണ് മകളെ കേസില്‍ കുടുക്കിയതെന്നാണ് പിണറായി വിജയന്‍ പറയുന്നത്. മകളുടെ കമ്പനി ചെയ്തുകൊടുത്ത സേവനത്തിനാണ് മറ്റൊരു കമ്പനി പ്രതിഫലം നല്‍കിയതെന്നും, ഇതിന് ആദായനികുതിയും ജിഎസ്ടിയും അടച്ചിട്ടുണ്ടെന്നുമാണ് പിണറായി വാദിക്കുന്നത്. എന്ത് സേവനമാണ് മകളുടെ കമ്പനി നല്‍കിയതെന്ന് മുഖ്യമന്ത്രിക്ക് പറയാനാവുമോ? യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയിട്ട് അത് മറച്ചുപിടിക്കാന്‍ ആദായനികുതി അടച്ചിട്ടുണ്ട്, ജിഎസ്ടി അടച്ചിട്ടുണ്ട് എന്നൊക്കെ പറയുന്നതില്‍ അര്‍ത്ഥമില്ല. പിടിക്കപ്പെടുമെന്ന് വരുമ്പോള്‍ താന്‍ ക്രൂശിക്കപ്പെടുകയാണെന്ന് പറയുന്നത് വലിയ കുറ്റവാളികളുടെ സ്വഭാവമാണ്. ഇതിനു നില്‍ക്കാതെ കളങ്കിതനായ മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണു വേണ്ടത്. കേരളത്തിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അത് പ്രതീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: