തൊടുപുഴ: ഭാര്യയുടെ ചികില്‍സയ്‌ക്കായി നിക്ഷേപ തുക തിരികെ ചോദിച്ചിട്ടും കിട്ടാഞ്ഞതിനാല്‍ വ്യാപാരിയായ സാബു തോമസ് (56) കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജീവനൊടുക്കിയ കേസില്‍ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കട്ടപ്പന ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് നിക്‌ഷേപത്തുക തിരിച്ചുകിട്ടാഞ്ഞതില്‍ മനംനൊന്ത് വ്യാപാരിയായ സാബു തോമസ് കട്ടപ്പനയിലെ റൂറല്‍ ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജീവനൊടുക്കിയത്. ഭാര്യ മേരിക്കുട്ടിയുടെ ചികിത്സയ്‌ക്കായി തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബാങ്ക് ജീവനക്കാര്‍ അധിക്‌ഷേപിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പരാതി. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി ഇതിന്‌റെ പേരില്‍ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ആത്മഹത്യാ കുറിപ്പുണ്ടായിട്ടും സജിയെ പോലീസ് പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാമിനെയാണ് കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ജൂനിയര്‍ ക്ലാര്‍ക്ക് ബിനോയ് തോമസ്, സീനിയര്‍ ക്ലാര്‍ക്ക് സുജമോള്‍ ജോസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: