എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അടുത്തിടെ മലപ്പുറം ജില്ലയിലെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ ചില യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അവിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത് വലിയ വിവാദമാണല്ലോ സൃഷ്ടിച്ചത്. ഇതിന്റെ പേരില്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളിക്കെതിരെ വലിയ കോലാഹലം തന്നെ ഉയര്‍ത്തി. മലപ്പുറം ജില്ലയെ പ്രത്യേക രാഷ്ട്രം പോലെയാണ് ചിലര്‍ കരുതുന്നതെന്നും, ഇക്കാരണത്താല്‍ അമുസ്ലിം ജനവിഭാഗങ്ങള്‍ ഒരുപാട് വിവേചനങ്ങള്‍ നേരിടുന്നുണ്ടെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്തും മറ്റും ഹിന്ദു പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന അവഗണനയുടെ ആഴം കണക്കുകള്‍ നിരത്തി വെള്ളാപ്പള്ളി അവതരിപ്പിക്കുകയും ചെയ്തു. വസ്തുനിഷ്ഠമായി ഇതൊന്നും നിഷേധിക്കാന്‍ കഴിയാത്തതിനാലാണ് വെള്ളാപ്പള്ളിക്കെതിരെ മുസ്ലിംലീഗും മറ്റും കുപ്രചാരണവും ഭീഷണിയുമായി ഇറങ്ങിയിട്ടുള്ളത്. മാറിയ സാഹചര്യത്തില്‍ ഇതൊന്നും വിലപ്പോവില്ലെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കണം.
മുസ്ലിങ്ങള്‍ ഇരട്ട സംവരണമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും, അനര്‍ഹമായ ഈ അവകാശം റദ്ദാക്കണമെന്നും പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാണ്. മതസംവരണത്തെ ഭരണഘടന അനുകൂലിക്കുന്നില്ല. സംവരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട കാക്ക കലേല്‍ക്കര്‍ കമ്മീഷനും മണ്ഡല് കമ്മീഷനും മതസംവരണത്തിന് എതിരായിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ ഭരണഘടന നിലവില്‍ വന്ന കാലം മുതല്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ഒന്നടങ്കം പിന്നാക്ക സമുദായങ്ങളുടെ അവകാശമായ സംവരണം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷം എന്ന നിലയ്ക്ക് ലഭിക്കുന്ന എണ്ണിയാലൊടുങ്ങാത്ത അവകാശങ്ങള്‍ക്ക് പുറമേയാണിത്. കേരളത്തിന്റെ കാര്യമെടുത്താല്‍ സച്ചാര്‍, പാലോളി കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ ആനുകൂല്യങ്ങളും മുസ്ലിങ്ങള്‍ അനുഭവിച്ചുപോരുന്നു. ഹിന്ദു സമൂഹത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്ക് മതിയായ സംവരണം ലഭിക്കാതിരിക്കുമ്പോഴാണ് മതത്തിന്റെ പേരില്‍ വിലപേശി സംവരണാവകാശം മുസ്ലിങ്ങള്‍ തട്ടിയെടുക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരെ സംഘടിതമായി ആക്രമിച്ച് നിശബ്ദരാക്കുന്ന നയമാണ് മുസ്ലിം ലീഗും മറ്റും സ്വീകരിച്ചു പോരുന്നത്. ഇതിനെതിരെ ബോധവല്‍ക്കരണവും പ്രക്ഷോഭവും മാത്രം പോരാ. ഹിന്ദു സംഘടനകളും സമുദായസംഘടനകളും നിയമപരമായ പരിഹാരം തേടേണ്ടതുണ്ട്.
മതത്തിന്റെ പേരില്‍ നിലവില്‍ വരികയും നിലനില്ക്കുകയും, രാഷ്ട്രീയ അധികാരം കവര്‍ന്നെടുക്കുകയും ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. കേരളത്തിലെ മുന്നണികളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തിയും സ്വാധീനിച്ചും നീതികരിക്കാനാവാത്ത ആനുകൂല്യങ്ങള്‍ നേടിയെടുത്ത ചരിത്രമാണ് ലീഗിനുള്ളത്. മലപ്പുറം ജില്ലപോലും മതത്തിന്റെ അടിസ്ഥാനത്തില്‍ വിലപേശി വാങ്ങിയതാണ്. ചരിത്രപരമായ ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ അവരെ മതേതര വിരുദ്ധരായി ചിത്രീകരിക്കുന്ന തന്ത്രമാണ് ലീഗ് പ്രയോഗിച്ചു പോരുന്നത്. മതത്തിന്റെ പേരില്‍ രാഷ്ട്രം വിഭജിച്ചവരാണ് ഇങ്ങനെ നല്ലപിള്ള ചമയുന്നത്.
മലപ്പുറത്തുകാരുടെ സ്നേഹം അനുഭവിക്കാത്തവരാണ് ആ ജില്ലയെ മതത്തിന്റെ പേര് പറഞ്ഞ് വിമര്‍ശിക്കുന്നതെന്നാണ് ലീഗുകാരുടെ പരാതി. മലപ്പുറത്തുകാരുടെ സ്നേഹം മാപ്പിള ലഹളയുടെ കാലം മുതല്‍ ഹിന്ദുക്കള്‍ അനുഭവിച്ചു പോരുന്നതാണല്ലോ. അതിനെക്കുറിച്ച് ലീഗിന്റെ ഉദ്ബോധനം ആര്‍ക്കും ആവശ്യമില്ല. മലപ്പുറത്തുകാരുടെ ഈ സ്നേഹക്കൂടുതല് കൊണ്ടാണല്ലോ തിരൂരിലെ തുഞ്ചന്‍ പറമ്പില്‍ ഭാഷാ പിതാവായ ആചാര്യന്റെ പ്രതിമ പോലും സ്ഥാപിക്കാന്‍ അനുവദിക്കാത്തത്! മതവിഭാഗീയതയുടെ സിരാകേന്ദ്രമാണ് മലപ്പുറം ജില്ല. ജനസംഖ്യയുടെ മറവില്‍ ഈ ജില്ല വിഭജിച്ചും സമീപ ജില്ലകളിലെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു മലപ്പുറം കൂടി സൃഷ്ടിക്കാനുള്ള ശ്രമം അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചില മതതീവ്രവാദ സംഘടനകള്‍ ഈ ആവശ്യം പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനെതരെ ഒരക്ഷരം പോലും പറയാന്‍ മുസ്ലിം ലീഗ് തയ്യാറായിട്ടില്ല. ഇത്തരം തീവ്രവാദ സംഘടനകളുമായുള്ള മുസ്ലിം ലീഗിന്റെ അന്തര്‍ധാര വളരെ ശക്തമാണ്.
മതവിഭാഗീയതയെയും വിഘടനവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ജില്ല ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമാണ്. ഇങ്ങനെയൊരു ജില്ല നിലനില്‍ക്കുന്നത് ഈ തിന്മകള് മറ്റിടങ്ങളിലേക്കും വ്യാപിക്കാന്‍ ഇടയാക്കും. ഇക്കാര്യത്തില്‍ പുനരാലോചന നടത്തുകയാണ് മതേതരത്വവും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: