നാഗ്പൂര്‍: ബ്രഹ്മകുമാരി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍ രാജയോഗിനി രതന്‍മോഹിനി ദാദിജി(101) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദാദി രതന് മോഹിനിയുടെ നിര്യാണത്തില്‍ ഏറെ ദുഖിതയാണെന്ന് പ്രസിഡന്റ് ദ്രൗപദി മുര്‍മു അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ബ്രഹ്മകുമാരി സമാജത്തിന്റെ വഴിവിളക്കായിരുന്നു ദാദിജിയെന്നും രാഷ്ട്രപതി പറഞ്ഞു. ആധ്യാത്മിക മേഖലയിലെ നിറസാന്നിധ്യമായിരുന്നു ദാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.
ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണസന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ അറിയിച്ചു. ശ്രീവൈകുണ്ഠധാമം പൂകിയ ദാദിജിയുടെ വിയോഗം അത്യന്തം ദുഃഖകരമാണ്. ജീവിതത്തിലുടനീളം ആയിരക്കണക്കിന് യുവ സഹോദരിമാരെ പരിശീലിപ്പിക്കുക എന്ന സുപ്രധാന ദൗത്യമാണ് ദാദിജി നിര്‍വഹിച്ചത്. നിരവധി പദയാത്രകളിലൂടെ ഭാരതീയ സംസ്കാരവും മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനായി ദാദിജി നടത്തിയ പരിശ്രമങ്ങള്‍ എക്കാലവും ഓര്‍മ്മിപ്പിക്കപ്പെടുമെന്ന് സന്ദേശത്തില്‍ സര്‍സംഘചാലകും സര്‍കാര്യവാഹും പറഞ്ഞു.
പാക്കിസ്ഥാനിലായ സിന്ധ് പ്രവിശ്യയിലെ ഹൈദ്രാബാദില്‍ 1925 മാര്‍ച്ച് 25ന് ജനിച്ച ദാദി പതിമൂന്നാം വയസ്സിലാണ് ബ്രഹ്മകുമാരിയായി മാറിയത്. 88 വര്‍ഷം നീണ്ട ആത്മീയ യാത്രയില്‍ ബ്രഹ്മകുമാരി സമാജത്തിന്റെ നെടുംതൂണായി ദാദിജി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: