കോട്ടയം: ഇക്കാലമത്രയും അധികൃതരുടെ കണ്ണുവെട്ടിച്ച് നികുതി നല്‍കാതെ നഗരമേഖലകളില്‍ മാത്രം നിലനിന്നത് 143101 കെട്ടിടങ്ങള്‍. നഗരസഭകളുടെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടാത്തതെ കിടന്ന ഇവ കെ സ്മാര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കണ്ടെത്തിയത്. ഇവയ്‌ക്കെല്ലാമായി 394 കോടി രൂപ നികുതി ചുമത്തി നോട്ടീസ് നല്‍കിയെങ്കിലും നാലിലൊന്നു തുക മാത്രമാണ് അതായത്, ഏകദേശം 108 കോടി രൂപയ്‌ക്കു മുകളില്‍ മാത്രമാണ് പിരിഞ്ഞു കിട്ടിയത്. കഴിഞ്ഞ ദിവസം
തദ്‌ദേശ വകുപ്പു മന്ത്രി തന്നെ വിശദീകരിച്ച കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
മുന്‍പ് നിലവിലുണ്ടായിരുന്ന സഞ്ചയ സോഫ്റ്റ് വെയറില്‍ 830737 രേഖകള്‍ നികുതി ചുമത്താനാവാതെ വര്‍ഷങ്ങളായി തുടരുകയായിരുന്നു. ഈ ഓരോ രേഖയും ഫീല്‍ഡ് പരിശോധന നടത്തി കൃത്യമാക്കുകയും പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി ഉള്‍പ്പെടുത്തുകയുമായിരുന്നു. ഇതിന് പുറമേ നഗരസഭ അറിയാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളും കണ്ടെത്തി. പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തിയതിലൂടെ 41.48 കോടി രൂപ ഓരോ വര്‍ഷവും നഗരസഭകള്‍ക്ക് അധികമായി ലഭിക്കും.
















