എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡ് ഉപയോഗിച്ച് എസ്ഡിപിഐ സംസ്ഥാന നേതാവ് ടെലിവിഷനും മറ്റും വാങ്ങിയത് ഞെട്ടിക്കുന്ന സംഭവമാണ്. നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമാണ് എസ്ഡിപിഐയെന്ന് അറിയാത്തവരില്ല. എഎസ്‌ഐ പദവിയിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം മറ്റാരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. എന്നിട്ടും തന്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്യാന്‍ ഒരു ഇസ്ലാമിക തീവ്രവാദിയെ സഹായിച്ചത് കൃത്യവിലോപം മാത്രമല്ല, ഗുരുതര കുറ്റകൃത്യവുമാണ്. ഇക്കാര്യം കണക്കിലെടുത്ത് ഈ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാല്‍ പ്രശ്‌നം അവിടെ അവസാനിക്കുന്നില്ല, അവസാനിക്കാനും പാടില്ല.
വളരെ അടുപ്പമുള്ള ആളായതിനാലാണല്ലോ എസ്ഡിപിഐയുടെ പ്രമുഖ നേതാവിന് പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ കാന്റീന്‍ കാര്‍ഡ് നല്‍കിയത്. ഈ അടുപ്പം മറ്റു പലതിനും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ടാകും. ഈ സംഘടനകളുടെ പ്രവര്‍ത്തന രീതി കണക്കിലെടുക്കുമ്പോള്‍ ഇങ്ങനെ നടന്നിരിക്കുമെന്ന് ഉറപ്പാണ്. വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ പുറത്തുവരൂ. ഇതര സംസ്ഥാന തൊഴിലാളികളുടെ താവളമായി അറിയപ്പെടുന്ന പെരുമ്പാവൂര്‍ പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകളുടെ സ്വാധീന മേഖലയാണ്. ഇവിടെ നിന്ന് ഇക്കൂട്ടര്‍ക്ക് പഞ്ചായത്ത് അംഗം പോലും ഉണ്ടായിട്ടുണ്ട്. ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ പല ഘട്ടങ്ങളിലായി ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
പച്ചവെളിച്ചം എന്ന പേരില്‍ കേരളാ പോലീസില്‍ ഇസ്ലാമിക തീവ്രവാദികളെ സഹായിക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉള്ളതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പോലീസിലെ ഈ തീവ്രവാദ ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് ദേശീയ അന്വേഷണം ഏജന്‍സിയായ എന്‍ഐഎ സംസ്ഥാനത്തെ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. 300 ലേറെ പോലീസുകാര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സ്ഥിതിവിശേഷത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഫലത്തില്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് കേരളാ പോലീസ് സ്വീകരിച്ചിട്ടുള്ളത്. ഏറ്റവും പുതിയ ഉദാഹരണമാണ് എഎസ്‌ഐയുടെ കാന്റീന്‍ കാര്‍ഡ് തീവ്രവാദി നേതാവിന് നല്‍കിയത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരു പോലീസുകാരന്‍ രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് വലിയ വിവാദമായിരുന്നു. ആലുവ പാനായിക്കുളം സിമി സമ്മേളന കേസില്‍ പ്രതികളാവേണ്ടവരെ സാക്ഷികളാക്കി വിട്ടയച്ച ചരിത്രമുണ്ട്. തൊടുപുഴയില്‍ ചില ഹിന്ദു സംഘടനാ നേതാക്കളുടെ വിവരങ്ങള്‍ ഒരു പോലീസുകാരന്‍ തീവ്രവാദികള്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നു. കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ തീവ്രവാദികളുമായി സഹകരിക്കുന്ന ആളാണെന്ന് കണ്ടെത്തുകയും സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും കേരളം ഇസ്ലാമിക തീവ്രവാദികളുടെ സങ്കേതമായി തുടരുന്നതിന്റെ കാരണങ്ങളിലൊന്ന് ഇക്കൂട്ടര്‍ക്ക് പോലീസില്‍ നിന്ന് ലഭിക്കുന്ന ഒത്താശയാണെന്ന് കരുത്തേണ്ടിയിരിക്കുന്നു.
മതതീവ്രവാദിയായ മദനിക്ക് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന ഇടതു ഭരണകാലത്ത് വഴിവിട്ട പല സഹായവും നല്‍കുകയുണ്ടായി. പത്തുവര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ കാരണങ്ങളാല്‍ പോലീസ്-തീവ്രവാദ അച്ചുതണ്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന്റെ ഭാഗമായി എസ്ഡിപിഐ തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ എടുത്തുപോരുന്നതിനിടെയാണ് പെരുമ്പാവൂരില്‍ ഒരു എഎസ്‌ഐ തന്നെ എസ്ഡിപിഐ തീവ്രവാദികളുടെ കയ്യാളാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. ഈ സംഭവം കേരളാ പോലീസ് അന്വേഷിച്ചാലൊന്നും പുറത്തുവരാന്‍ പോകുന്നില്ല. കേസ് എന്‍ഐഎ ഏറ്റെടുത്ത് വിശദമായ അന്വേഷണം നടത്തണം. എങ്കില്‍ മാത്രമേ ഇത്തരമൊരു അവിശുദ്ധവും അപകടകരവുമായ ബന്ധത്തിന്റെ ചുരുള്‍ പൂര്‍ണ്ണമായും അഴിയുകയുള്ളൂ. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനും കഴിയൂ. പോലീസ് സേനയെ ശുദ്ധീകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: