മുംബൈ: നിര്‍മ്മിത ബുദ്ധി അഥവാ എഐ, ചിപ്പ് വ്യവസായം തുടങ്ങിയ ആധുനിക വ്യവസായ, വൈജ്ഞാനിക മേഖലകളില്‍ ഇന്ത്യ നായകസ്ഥാനത്ത് എത്തിച്ചേരുമെന്ന് ബിജെപി കേരള അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
‘സെമികണ്ടക്ടറുകള്‍, നിര്‍മ്മിതബുദ്ധി മുതലായ നൂതന സാങ്കേതികമേഖലകളിലെ നവീകരണ പ്രക്രിയ ഒരു കുതിച്ച് ചാട്ടമല്ല, മറിച്ച് അതൊരു നീണ്ടതും അതിസങ്കീര്‍ണ്ണവുമായ യാത്രയാണ്. ഇവിടെ നമ്മള്, ഇന്ത്യക്കാരാണ് നടുനായകത്വം വഹിക്കേണ്ടത്. അത് സംഭവിച്ചുകഴിഞ്ഞാല്‍ നിര്‍മ്മിത ബുദ്ധിയുടെ ആഗോള ആവാസവ്യവസ്ഥ അതിവേഗം വികസിതമാകും’ അദ്ദേഹം പറഞ്ഞു.
നിര്‍മ്മിത ബുദ്ധിയുടെ മേഖലയില്‍ മുന്‍നിര രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ കാല ടെക് സംരംഭകന് കൂടിയായ രാജീവ് ചന്ദ്രശേഖര്‍.
പത്ത് വര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാരംഭിച്ച ഇന്ത്യന്‍ സംരംഭകരുടെ വിജയഗാഥകളുടെ പ്രാരംഭ ഘട്ടം അതിവേഗം ഒരു തരംഗമായി പടര്‍ന്നു. പിന്നാലെ സ്റ്റാര്‍ട്ടപ്പുകളുടേതായ രണ്ടാം തരംഗവും സംഭവിച്ചു. ഇന്ത്യന്‍ യുവതയുടെ വര്‍ദ്ധിച്ച കഴിവുകള്‍, വിപുലമായ അറിവ് മുതലായവ ലോക വൈജ്ഞാനിക മേഖലകളില്‍ത്തന്നെ ഒരു മുതല്‍ക്കൂട്ടായി മാറുന്നതും ഇന്ന് നമ്മള് കാണുന്നു. ഇത് എ ഐ രംഗത്ത് ഇന്ത്യക്ക് വിപുലമായ സാദ്ധ്യതകളാണ് തുറക്കുന്നത്. അവ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം പ്രതിഞ്ജാബദ്ധവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്ത പ്രഥമ അന്താരാഷ്ട്ര സമ്മേളനം കൂടിയായിരുന്നു മുംബൈയില്‍ നടന്നത്. ആഗോള എ ഐ , സെമികണ്ടക്ടര്‍ മേഖലകളിലെ നിരവധി വ്യവസായ പ്രമുഖരും സാങ്കേതിക വിദഗ്ദ്ധരും രണ്ട് ദിവസത്തെ മുംബൈ എഐ ഫോറത്തില്‍ പങ്കെടുത്തു.
(ചിത്രം : ഇന്ത്യ ഗ്ലോബല്‍ ഫോറം മുംബൈയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എ ഐ സമ്മേളനത്തിത്തെ ബിജെപി കേരള ഘടകം പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അഭിസംബോധന ചെയ്യുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: