തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ കെ.രാധാകൃഷ്ണന്‍ എംപി ഇഡിക്ക് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഹാജരായത്. രാധാകൃഷ്ണന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കിലെ കോടികളുടെ ബിനാമി വായ്പ ഇടപാടുകള്‍ പലതും നടന്നിട്ടുള്ളത്. ഇക്കാര്യങ്ങള്‍ രാധാകൃഷ്ണന് അറിയാമായിരുന്നു എന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ അനുമാനം. അന്നത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ. രാധാകൃഷ്ണന്‍ അറിയിച്ചിരുന്നു. സ്വത്ത്, ബാങ്ക് രേഖകളാണ് സമര്‍പ്പിച്ചത്. നേരത്തെ രണ്ട് തവണ മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ രണ്ടു തവണയും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നൽകിയത്.
കരുവന്നൂരിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. 2016 മുതല്‍ 2018 വരെയാണ് കെ. രാധാകൃഷ്ണന്‍ ജില്ലാ സെക്രട്ടറിയായിരുന്നത്. 2018 ല്‍ തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുകളില്‍ ഒന്ന് കരുവന്നൂരിലെ തട്ടിപ്പുകാര്‍ ആയിരുന്നു. സംഘാടകസമിതിയുടെ ചുമതലയുണ്ടായിരുന്ന രാധാകൃഷ്ണന് ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നു. കോടികള്‍ ചെലവഴിച്ചാണ് സംസ്ഥാന സമ്മേളനം തൃശൂരില്‍ ആര്‍ഭാടമായി നടത്തിയത്. കരുവന്നൂരിലെ മുഖ്യപ്രതികളാണ് സ്‌പോണ്‍സര്‍മാരായിരുന്നത്. ഇക്കാര്യത്തില്‍ ഇ ഡി വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
2016ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി. മൊയ്തീന്‍ മന്ത്രിയായതിനെ തുടര്‍ന്നാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല കെ. രാധാകൃഷ്ണന് കൈമാറിയത്. എ.സി. മൊയ്തീന്‍ ജില്ലാ സെക്രട്ടറിയായിക്കെ കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതിലുള്ള ക്രമക്കേടുകള്‍ നടന്നിരുന്നു. കരുവന്നൂരിലെ പ്രാദേശിക സിപിഎം പ്രവര്‍ത്തകരും സഹകാരികളും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എ.സി. മൊയ്തീന് പരാതി നല്കിയിരുന്നതാണ്. ഈ പരാതികള്‍ ജില്ലാ സെക്രട്ടറി ആയ ശേഷം കെ. രാധാകൃഷ്ണന് മുന്നിലും എത്തി. എന്നാല്‍ മൊയ്തീന്റെ പാത പിന്തുടര്‍ന്ന് രാധാകൃഷ്ണനും തട്ടിപ്പുകാര്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വന്‍ തുക വ്യാജ വായ്പയിലൂടെ തട്ടിയെടുത്ത ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് സ്വര്‍ണം നല്കിയെന്ന വിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നോ ഇതെന്നാണ് ഇഡി പരിശോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: