വിശാഖപട്ടണം: സിംഗപ്പൂരിലെ സ്കൂളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ‍്യമന്ത്രിയും നടനുമായ പവൻ കല‍്യാണിന്റെ മകന് പൊള്ളലേറ്റു. മകൻ മാർക്ക് ശങ്കറിനാണ് പൊള്ളലേറ്റത്.
കൈയ്‌ക്കും കാലിനും പൊള്ളലേറ്റ മാർക്ക് ശങ്കർ സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പുക ശ്വസിച്ചതിനാൽ ആരോഗ‍്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം. അതേസമയം തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ‍്യക്തമല്ല. അല്ലൂരി സീതാരാമ ജില്ലയിൽ ഗോത്ര സമൂഹങ്ങളുമായി ചർച്ച നടത്തുന്നതിനിടെയാണ് പവൻ കല‍്യാൺ വിവരം അറിഞ്ഞത്. പരിപാടികൾ റദ്ദാക്കി അദ്ദേഹം സിംഗപ്പൂരിലേക്ക് തിരിച്ചു.
നേരത്തെ, വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം അടുത്ത മൂന്ന് ദിവസം വിശാഖപട്ടണത്ത് തുടരാനായിരുന്നു പദ്ധതി. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ അപകടത്തെത്തുടര്‍ന്ന് പരിപാടികള്‍ വെട്ടിച്ചുരുക്കുകയായിരുന്നു. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്‌നേവയുടേയും മകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് നിലവില്‍ മാര്‍ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: