മുംബൈ: പത്ത് മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ച കണ്ട തിങ്കളാഴ്ചച്ചത്തെ വ്യാപാരത്തിനു ശേഷം ഓഹരിവിപണി ശക്തമായി തിരിച്ചുവരുന്നു. സെൻസെക്സ് ആയിരം പോയിന്‍റ് ഉയരത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് കൂടാതെ നിഫ്റ്റിയിലും ഒന്നര ശതമാനത്തിന്റെ ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് താരിഫ് യുദ്ധത്തിനു തുടക്കമിട്ടതാണ് തിങ്കളാഴ്ച ഓഹരി വിപണി തകരാൻ കാരണം. എന്നാൽ വിവിധ രാജ്യങ്ങൾക്കു മേൽ വലിയ ഇറക്കുമതിച്ചുങ്കം ചുമത്തിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ആഗോള സാമ്പത്തിക മാന്ദ്യത്തിനും നാണ്യപ്പെരുപ്പത്തിനും കാരണമാകുമെന്ന ആശങ്കയിൽ അയവ് വന്നതാണ് രണ്ടാം ദിവസത്തെ ആശ്വാസത്തിനു കാരണം.
ക്രൂഡ് ഓയിൽ വിലയും നാണ്യപ്പെരുപ്പവും ഉയരാത്തതിനാൽ മാന്ദ്യമുണ്ടാകില്ലെന്ന ട്രംപിന്റെ അവകാശവാദവം വിപണികളെ പോസിറ്റിവായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും ഓസ്ട്രേലിയയിലെയും ഓഹരി സൂചികകളിൽ ചൊവ്വാഴ്ച രാവിലെ ശുഭ സൂചനയാണ് കാണാനായത്. ജപ്പാനിലെ നിക്കി 225 സൂചിക 6.41 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയയിലെ കോസ്പി സൂചിക 1.7 ശതമാനം ഉയർന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ്ങിൽ 2.25 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
അതേസമയം, ചൈനയിൽ 0.24 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: