വിഷു എന്താണെന്നു അറിയുന്നതിന് മുൻപ് വിഷുവം എന്താണെന്നു അറിയണം. ജ്യോതിശാസ്ത്ര പ്രകാരം സൂര്യൻ ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന പ്രതിഭാസത്തിനെയാണ് വിഷുവം (Equinox) എന്നു പറയുന്നത്. മാർച്ച് 20നും സെപ്റ്റംബർ 23നുമാണ് ഇത് പ്രകടമാകുന്നത്. സാങ്കേതികമായി പറയുമ്പോൾ ക്രാന്തിവൃത്തവും (ecliptic) ഖഗോളമദ്ധ്യരേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളാണ് വിഷുവങ്ങൾ.
ഈ ദിവസങ്ങളിൽ പകലിനും രാത്രിക്കും ഏകദേശം തുല്യനീളമാണ്. അതിനാല്‍ വിഷുവം എന്നതില്‍ നിന്നുമാണ് വിഷു എന്ന പേര് ഉടലെടുത്തിരിക്കുന്നത്. മേല്പറഞ്ഞതു പ്രകാരം മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ടെന്നു പറയപ്പെടുന്നു. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതാണ് സംക്രാന്തി. ഈ സംക്രാന്തികളിലെ പ്രധാനിയാണ് മഹാവിഷു.
ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഭൂമിയുടെ അച്ചുതണ്ടിലെ പുരസ്സരണം (Precession) കാരണം ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ് മഹാവിഷു. പണ്ട് (ഏതാണ്ട് 1000 വർഷങ്ങൾക്ക് മുൻപ്) മേഷാദി മേടമാസത്തിലായിരുന്നു. സൂര്യൻ മേഷാദിയിൽ വരുന്ന ദിവസം ആയിരുന്നു കേരളത്തിൽ വിഷുവായി ആഘോഷിച്ചിരുന്നത്. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം ഇപ്പോൾ ഇത് മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ മേടത്തിൽ വിഷു ആഘോഷിക്കുന്നു. ഇതേ പോലെ കന്നി രാശിയിൽ ആണ് ഇപ്പോൾ തുലാദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: