മുംബൈ: ഒരു പ്രകോപനവുമില്ലാതെ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ച കുനാല്‍ കമ്ര ഇപ്പോള്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മുംബൈ പൊലീസ് മൂന്ന് തവണ സമന്‍സ് നല്‍കിയിട്ടും അതിന് മറുപടി നല്‍കാതെ തമിഴ്നാട്ടിലെവിടെയോ ഷിന്‍ഡെ ശിവസേനക്കാരെ ഭയന്ന് ഒളിവില്‍ കഴിയുകയായിരുന്ന കുനാല്‍ കമ്ര തിങ്കളാഴ്ചയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന് ഏപ്രില്‍ 7 വരെ അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് ചൊവ്വാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.
2022ല്‍ ശിവസേനയെ പിളര്‍ത്തി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതിനാണ് ഏക് നാഥ് ഷിന്‍ഡേയെ കുനാല്‍ കമ്ര വഞ്ചകന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത്. പിന്നീട് ഷിന്‍ഡേയെ അപമാനിക്കുന്ന രീതിയില്‍ പാട്ട് പാടുകയും ചെയ്തു. ഓട്ടോറിക്ഷക്കാരന്‍, താടി വെച്ചവന്‍ എന്നെല്ലാം പറഞ്ഞുള്ള പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷിന്‍ഡേയുടെ പേര് പറഞ്ഞില്ലെങ്കിലും പരിഹസിച്ചത് ആരെയാണെന്ന് വ്യക്തമായി മനസിലാകാവുന്ന തരത്തിലായിരുന്നു കുനാല്‍ കമ്രയുടെ വിമര്‍ശനം. അതേ സമയം, 2019ലെ മഹാരാഷ്‌ട്ര നിയമസഭയില്‍ ബിജെപി-ശിവസേനപക്ഷം ഭൂരിപക്ഷം നേടിയെങ്കിലും ഉദ്ധവ് താക്കറെ ബിജെപിയെ വഞ്ചിച്ച് ശരത് പവാറിനൊപ്പം ചേര്‍ന്ന് സ്വയം മുഖ്യമന്ത്രിയായതിനെക്കുറിച്ച് കുനാല്‍ കമ്ര പരാമര്‍ശിച്ചതേയില്ലെന്നതാണ് രസകരം. യഥാര്‍ത്ഥത്തില്‍ മഹാരാഷ്‌ട്രയില്‍ ആദ്യത്തെ വലിയ വഞ്ചന കാട്ടിയ ഉദ്ധവ് താക്കറെയെക്കുറിച്ച് മൗനം പാലിക്കുകയും സീനിയര്‍ നേതാക്കളെ ഒഴിവാക്കി മകന്‍ ആദിത്യ താക്കറെയടക്കം മന്ത്രിയാക്കി, ആഭ്യന്തരവും മറ്റും ശരത് പവാറിന് വിട്ടുകൊടുത്ത് ശിവസേന എംഎല്‍എമാരെ നോക്കുകുത്തിയാക്കിയപ്പോഴാണ് നിവൃത്തിയില്ലാതെ ഏക്നാഥ് ഷിന്‍ഡേ ശിവസേനയെ രക്ഷിക്കാനായി പാര്‍ട്ടിയെ പിളര്‍ത്തിയത്. സത്യം ഇതായിരിക്കെ, ബിജെപിയെ തകര്‍ക്കുക എന്ന ഒറ്റലക്ഷ്യം മനസ്സില്‍ കണ്ട് കുനാല്‍ കമ്ര ഏക്നാഥ് ഷിന്‍ഡേയ്‌ക്കെതിരെ വിലകുറഞ്ഞ വിമര്‍ശനം ഉയര്‍ത്തിയത്.
എന്തായാലും പൊതുവേ ധീരത കാട്ടാറുള്ള, ആരേയും വിമര്‍ശിക്കാന്‍ ഭയമില്ലാത്ത കുനാല്‍ കമ്ര ഉറപ്പായും തല്ല് കിട്ടുമെന്നായപ്പോള്‍ ഒളിവില്‍ പോയത് അദ്ദേഹത്തെ അപഹാസ്യനാക്കുകയായിരുന്നു. മുന്‍പ് ശിവസേനയെ വിമര്‍ശിച്ച ഹന്‍സല്‍ മേത്ത എന്ന സംവിധായകന് മേല്‍ കരി ഓയില്‍ ഒഴിച്ച് പതിനായിരം ശിവേസനക്കാരുടെ മുന്‍പില്‍ മാപ്പ് പറയിച്ച ചരിത്രം ശിവസേനയ്‌ക്കുണ്ട്. അത്രയ്‌ക്ക് ശക്തരാണ് ഷിന്‍ഡേ പക്ഷം ശിവസേന. ഷിന്‍ഡേയെ വിമര്‍ശിച്ച കോമഡി പരിപാടി അവതരിപ്പിച്ച ഹോട്ടലിലെ സ്റ്റുഡിയോ ശിവസേനക്കാര്‍ തല്‍ക്ഷണം അടിച്ചുതകര്‍ത്തിരുന്നു. ഇനി മഹാരാഷ്‌ട്രയില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് കുനാല്‍ കമ്രയ്‌ക്ക് താക്കീതും നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 24ന് എക് നാഥ് ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിച്ച കുനാല്‍ കമ്ര അതിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയാണ്. ഷിന്‍ഡേയെ വഞ്ചകന്‍ എന്ന് വിളിപ്പിക്കാന്‍ ആസൂത്രണം ചെയ്തത് ഉദ്ധവ് താക്കറെ തന്നെയാണെന്നും സംശയം ഉയരുന്നുണ്ട്.
ഇപ്പോള്‍ മൂന്ന് കേസുകളാണ് കുനാല്‍ കമ്രയ്‌ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. അതില്‍ ഒരെണ്ണം ഖാര്‍ പൊലീസ് സ്റ്റേഷനില്‍ സേനാ നേതാവ് മുര്‍ജി പട്ടേല്‍ നല്‍കിയ കേസാണ്. ഈ പരാതിക്ക് ശേഷം ഭാരത് ന്യായ സംഹിതയിലെ 353(1) ബി (പൊതു അക്രമം ഉണ്ടാക്കാന്‍ നടത്തിയ പ്രസ്താവന), 356(2) (അപകീര്‍ത്തികരം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുനാല്‍ കമ്രയ്‌ക്കെതിരെ കേസെടുത്തത്.
തനിക്കെതിരെ പൊലീസില്‍ നല്‍കിയ പരാതിയുടെ നീതിന്യായം, ഔചിത്യം, കൃത്യത എന്നിവയെ ചോദ്യം ചെയ്താണ് കുനാല്‍ കമ്ര ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന്‍ എന്ന നിലയില്‍ തനിക്ക് ഉറപ്പുനല്‍കുന്ന ബിസിനസ് ചെയ്യാനുള്ള സ്വാതന്ത്ര്യം, ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം, ജീവിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെ ലംഘിക്കുന്നതാണ് പൊലീസില്‍ നല്‍കപ്പെട്ടിട്ടുള്ള ഈ പരാതിയെന്നും കുനാല്‍ കമ്ര വാദിക്കുന്നു.
മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന് ഏപ്രില്‍ 7 വരെ അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് ചൊവ്വാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: