വിവാദമായ മാസപ്പടിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പ്രതിയായതോടെ സിപിഎമ്മും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. വീണയും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും പ്രതികളായുള്ള കുറ്റപത്രം എസ്എഫ്ഐഒ അഥവാ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അടുത്തുതന്നെ ബെംഗളൂരു കോടതിയില്‍ സമര്‍പ്പിക്കും. വീണയും സിഎംആര്‍എല്‍ കമ്പനി മേധാവിയും കൂട്ടുപ്രതികളായിട്ടുള്ള ആദ്യകുറ്റപത്രം എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് കൈമാറിയിരുന്നു. രണ്ടാമത് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വീണ മുഖ്യപ്രതിയായിരിക്കുന്നത്. ,എക്സാലോജിക് സൊല്യൂഷന്‍സ്.
സിഎംആര്‍എല്‍ എന്ന കമ്പനിയില്‍ നിന്ന്, നല്‍കാത്ത സേവനത്തിന് പ്രതിഫലമായി കോടികള്‍ കൈപ്പറ്റിയെന്ന കേസില്‍ നിന്ന് മകളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതികള്‍ നിയമസഭയില്‍ ചര്‍ച്ചയായപ്പോള്‍ കൃത്രിമമായ ധാര്‍മിക രോഷത്തോടെ പിണറായി വിജയന് ചോദിച്ചത് വീട്ടിലിരിക്കുന്ന ആളുകളെ എന്തിന് ഇത്തരം കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കണം എന്നാണ്. അഴിമതിയാരോപണങ്ങള്‍ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ അതിവൈകാരികതയുടെ പുകമറ സൃഷ്ടിച്ച് ജനങ്ങളെ കബളിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പ്രയോഗിച്ചത്. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടുകള്‍ ആണെന്നും, ഇതില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും യാതൊരു ഉത്തരവാദിത്വവുമില്ലെന്നും വാദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെപ്പോലുള്ളവര്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും രക്ഷയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല.
മാസപ്പടി കൈപ്പറ്റിയത് വീണയാണെങ്കിലും മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയ്ക്കാണ് ഇതെന്ന് എസ്എഫ്ഐഒയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സിഎം ആര്‍എല്ലില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയവരില്‍ പിണറായി വിജയനും ഉണ്ടെന്ന് പിടിച്ചെടുത്ത രേഖയില്‍ നിന്ന് തെളിയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അച്ഛന് കൊടുക്കുന്ന പണത്തിന്റെ ഒരു വിഹിതം മകള്‍ക്ക് നീക്കിവെച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഇതുകൊണ്ടാണ് ഐടി കമ്പനിയുടെ മറവില്‍, നല്‍കാത്ത സേവനത്തിന് പണം കൈമാറിയത്.
ബിജെപി നേതാവായ പി.സി. ജോര്‍ജിന്റെ മകനും ബിജെപിയുടെ യുവ നേതാവുമായ ഷോണ്‍ ജോര്‍ജാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ പരാതിക്കാരന്. നിരവധി ഭീഷണികളും സമ്മര്‍ദ്ദങ്ങളും നേരിട്ടിട്ടും പരാതിയില്‍ ഉറച്ചുനിന്ന് പൊരുതിയ ഷോണ്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു തരത്തിലുമുള്ള അന്തര്‍ധാര സൃഷ്ടിക്കാനും ഈ നേതാവ് നിന്നു കൊടുത്തില്ല. ഈ പോരാട്ടത്തിന്റെ വിജയമാണ് മുഖ്യമന്ത്രിയുടെ മകള്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം. മധുരയില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനിടെയാണ് മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വിചാരണ ചെയ്യപ്പെടാന്‍ പോകുന്ന വിവരം പുറത്തുവന്നത്. പതിവിന് വിപരീതമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. എന്തെങ്കിലും പറഞ്ഞു പോയാല്‍ കൂടുതല്‍ കുടുങ്ങുമെന്നതുകൊണ്ടാവാം നിശബ്ദത പാലിച്ചത്.
വീണ മുഖ്യപ്രതിയായത് സാങ്കേതികം മാത്രമാണെന്നും, കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നുമൊക്കെയാണ് എം.വി. ഗോവിന്ദനെപ്പോലുള്ള സിപിഎം നേതാക്കള്‍ ഇപ്പോഴും പറയുന്നത്. ഇത് ഒരുതരം കുപ്രചാരണമാണ്. ഈ ഘട്ടത്തില്‍ പുറത്തു വരേണ്ട കാര്യങ്ങളൊക്കെ പുറത്തുവന്നു കഴിഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് വീണ മുഖ്യപ്രതിയായത്. കേസിന്റെ നടപടി വെറും സാങ്കേതികമാണെന്ന് വാദിക്കുന്നത് മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ്. പത്തുവര്‍ഷത്തോളം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അങ്ങനെയൊരു കേസില്‍ പ്രതിയായാല്‍ അത് സാങ്കേതികമാണ് എന്നുപറഞ്ഞ് രക്ഷപ്പെടാനാവില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. മകളെ രക്ഷിക്കാന്‍ ഏതറ്റം വരെയും മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പോയെന്നിരിക്കും. പക്ഷേ വിജയിക്കാന്‍ പോകുന്നില്ല. മാത്രമല്ല ഈ കേസില്‍ പിണറായി വിജയനും കുടുങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ചിത്രം വ്യക്തമായിരിക്കെ രാഷ്ട്രീയ ധാര്‍മികത അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവയ്ക്കാനുള്ള മാന്യത പിണറായി വിജയന് കാണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: