ചെന്നൈ : തീവ്രഇസ്ലാമിക പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിച്ചതിനും ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതിനും ഹിസ്ബുത് തഹ്‌രിർ (എച്ച്‌യുടി) ഭീകരൻ ഫൈസുൽ ഹുസൈനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കേന്ദ്ര ഏജൻസി ഇക്കാര്യം അറിയിച്ചത്.
ഐപിസി സെക്ഷൻ 34, 120 ബി, 153 എ, 153 ബി എന്നിവ പ്രകാരമാണ് ഫൈസുൽ ഹുസൈനെതിരെ കേസെടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 13(1), 18 എന്നിവ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബർ 8 നാണ് എച്ച്‌യുടി ഭീകരനെ അറസ്റ്റ് ചെയ്തത്.
ചെന്നൈയിലെ റോയപ്പേട്ടയിലെ ജാനി ഝാൻ ഖാൻ റോഡിലുള്ള വാടക വസതിയിൽ മോഡേൺ എസൻഷ്യൽ എഡ്യൂക്കേഷൻ ട്രസ്റ്റ് (MEET) ഹാൾ എന്ന പേരിൽ രഹസ്യമായി എച്ച്‌യുടി മീറ്റിംഗുകൾ നടത്തിയിരുന്നതായും ഏജൻസിയുടെ പത്രക്കുറിപ്പിൽ പറയുന്നു. കൂടാതെ പ്രതി സോഷ്യൽ മീഡിയ വഴി എച്ച്‌യുടിയുടെ തീവ്രവാദ വിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. വിഘടനവാദ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ വർഗീയ സംഘർഷം ഉളവാക്കുന്നതിനായി ഇയാൾ ദേശവിരുദ്ധ ഉള്ളടക്കം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എൻഐഎ പറഞ്ഞു.
2024 ജൂലൈയിലാണ് സംസ്ഥാന പോലീസിൽ നിന്ന് കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തത്. ചെന്നൈയിൽ നിന്ന് പ്രവർത്തിക്കുന്ന ഫൈസുൾ കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തണമെന്നും വാദിച്ചിരുന്നു. കൂടാതെ കശ്മീരിനെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈന്യത്തിന്റെ സൈനിക ഇടപെടലും ഇയാൾ ആവശ്യപ്പെട്ടതായി ഏജൻസി പറയുന്നു.
കൂടാതെ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനും തീവ്രവാദ സംഘടനയുടെ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ പ്രവർത്തനങ്ങളെന്നും എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: