രാമനാഥപുരം : ഭാഷാ തർക്കം തുടരുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ പാമ്പൻ പാലം ഉദ്ഘാടനം ചെയ്ത ശേഷം രാമേശ്വരത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഡിഎംകെ തലവനെ ലക്ഷ്യം വച്ചത്.
തമിഴ്‌നാട് മന്ത്രിമാരിൽ നിന്ന് തനിക്ക് ലഭിക്കുന്ന കത്തുകളിൽ ഒന്നും തമിഴ് ഭാഷയിൽ ഒപ്പിടാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
“തമിഴ് ഭാഷയും തമിഴ് പൈതൃകവും ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ തമിഴ്‌നാട്ടിലെ ചില നേതാക്കളിൽ നിന്ന് എനിക്ക് കത്തുകൾ ലഭിക്കുമ്പോൾ ഞാൻ അത്ഭുതപ്പെടുന്നു, അവയിലൊന്നും തമിഴ് ഭാഷയിൽ ഒപ്പിട്ടത് കാണാനാകില്ല. നിങ്ങൾ തമിഴിൽ അഭിമാനിക്കുന്നുണ്ടെങ്കിൽ, എല്ലാവരും തമിഴിൽ പേരെങ്കിലും ഒപ്പിടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിരിക്കുന്ന ത്രിഭാഷാ ഫോർമുലയെച്ചൊല്ലി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
പ്രാദേശിക ഭാഷകളേക്കാൾ ഹിന്ദിക്ക് മുൻഗണന നൽകുന്നതാണ് ഈ നയമെന്നും ഇത് സംസ്ഥാനത്തിന്റെ സ്വയംഭരണത്തെയും ഭാഷാ വൈവിധ്യത്തെയും ദുർബലപ്പെടുത്തുന്നുവെന്നുമാണ് സ്റ്റാലിന്റെ പൊള്ളയായ വാദം. ഇതിനെതിരെ സ്റ്റാലിന് വിവിധ മേഖലകളിൽ നിന്നടക്കം വിമർശനങ്ങൾ നേരിടേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: