തിരുവനന്തപുരം: ഒബിസി സംവരണം ഈഴവ ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാവകാശമാണെന്നും അതിനെ പിന്‍വാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ ബിജെപി എതിര്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഒബിസി റിസര്‍വേഷന്‍ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. അതിനെ എതിര്‍ക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. സംവരണം പിന്‍വാതിലിലൂടെ കയ്യടക്കുന്നതിനെ ബിജെപിയും എതിര്‍ക്കും. മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തില്‍ പ്രശ്നത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ല. സുരേഷ് ഗോപി സിന്സിയര് ജെന്റില്‍മാനാണ്. ബിജെപി മാധ്യമ പ്രവര്‍ത്തകരെ അടക്കം ബഹുമാനിക്കുന്ന പാര്‍ട്ടിയാണ്. സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജബല്‍പൂര്‍ സംഭവത്തെ വിവാദമാക്കുന്നത് പ്രീണന രാഷ്ട്രീയം കളിക്കുന്ന കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളുമാണ്. ജബല്പൂരില് ആക്രമണത്തിന് ഇരയായ വൈദികര്‍ക്ക് നീതി ഉറപ്പാക്കും. ക്രൈസ്തവ സഭകളുടെ സ്വത്തിനെക്കുറിച്ചുള്ള ലേഖനം തെറ്റെന്ന് കണ്ടാണ് ഓര്‍ഗനൈസര്‍ പിന്‍വലിച്ചത്. രാജ്യത്ത് ഭൂമി കൈവശം വയ്ക്കുന്നത് തെറ്റല്ല. തട്ടിയെടുക്കുന്നതാണ് തെറ്റ്. ക്രൈസ്തവസഭയ്ക്കെന്നല്ല ആര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ട്. വഖഫ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഈ വിഷയങ്ങള്‍ വിവാദമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: