തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്‌ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അധികാരത്തിൽ എത്തി ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സ്ഥാപനദിനത്തില്‍ മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതി, വികസനം, നിക്ഷേപം, തൊഴില്‍ എന്നിവയെല്ലാമുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയെന്ന പ്രാകൃത സംസ്കാരത്തെ തൂത്തെറിയണം. ഏതൊരാൾക്കും ഭയമില്ലാതെ വ്യവസായം തുടങ്ങാൻ, സംരംഭങ്ങൾ ആരംഭിക്കാൻ കഴിയണം. വികസിത കേരളത്തിലേക്കെത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ മാറ്റം കേരളത്തിലും വരണം. ജനങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ എല്ലാ പ്രവര്‍ത്തകരുടെയും ദൗത്യവും കടമയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്‌ക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്നതാണ്. പുരോഗതി, വികസനം, വിദ്യാഭ്യാസം എന്നിവയുടെ ഗുണഭോക്താക്കളായി എല്ലാ ജനങ്ങളേയും മാറ്റണം. തൊഴിൽ അവസരങ്ങള്‍ എല്ലാവർക്കും പ്രാപ്യമാക്കണം. വികസിത കേരളം ഉണ്ടായാൽ മാത്രമേ വികസിത ഭാരതവും സാധ്യമാകു. രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ചടങ്ങില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള കേണല്‍ എസ്.ഡിന്നി, മേജര്‍ ജനറല്‍ റിട്ട.പി.എസ്.നായര്‍, ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, പൊതുപ്രവര്‍ത്തകനായ വിജയലാല്‍ ബി.എസ്, തുടങ്ങിയവര്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
ബിജെപിയുടെ ആദ്യത്തെ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ ഒ.രാജഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.കൃഷ്ണകുമാര്‍, അഡ്വ.പി.സുധീര്‍, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ കരമന ജയന്‍, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: