തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാനും അർഹരെ പദ്ധതികളുടെ ഗുണഭോക്താക്കളാക്കാനും എല്ലാ ജില്ലകളിലും ബിജെപിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്കുകൾ പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി സ്ഥാപന ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തല ഹെൽപ്പ് ഡസ്കിന്റെ ലോഗോ പ്രകാശനം രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിനാണ് ഹെൽപ്പ് ഡസ്കിന്റെ ചുമതല. ”കൂടെയുണ്ട് ഞങ്ങൾ” എന്ന മുദ്രാ വാക്യവുമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹെൽപ് ഡസ്കുകൾ ആരംഭിക്കും. ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സഹായവും ഹെൽപ്പ് ഡസ്ക്കുകൾ വഴി ചെയ്യും. ജില്ലാതലത്തില്‍ 30 സംഘടനാ ജില്ലകളിലും ഈമാസം അവസാനത്തോടെ ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിക്കും. നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ജനക്ഷേമ പദ്ധതികളും അർഹർക്ക് ലഭ്യമാക്കുന്നതിന് ജനങ്ങളെ സഹായിക്കുകയാവും ഹെൽപ്പ് ഡസ്കുകളുടെ പ്രധാന ചുമതല. സേവന പ്രവർത്തനങ്ങളും ഇതുവഴി നടപ്പിലാക്കും.
ബിജെപിയുടെ 45-ാം സ്ഥാപനദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനത്ത് ആചരിച്ചു. വിവിധ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പതാക ഉയര്‍ത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. സംസ്ഥാന കമ്മറ്റി ഓഫീസായ മാരാര്‍ജി ഭവനില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി പതാക ഉയര്‍ത്തി. പ്രവർത്തകർക്ക് മധുരം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: