രാമേശ്വരം: പുതിയ പാമ്പൻപാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമനവമി ദിവസം രാമേശ്വരത്തെ രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചത്. രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു.
തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി. പിന്നാലെ തീരസംരക്ഷണസേനയുടെ കപ്പൽ പാലത്തിനടിയിലൂടെ കടന്നുപോയി. രാമസേതു ദർശനം നടത്താൻ ഭാഗ്യം ലഭിച്ചു. ദൈവിക യാദൃശ്ചികത എന്ന നിലയിൽ, അയോധ്യയിൽ സൂര്യ തിലകം നടക്കുന്ന അതേ സമയത്താണ് ഇത് സംഭവിച്ചത്. ഇരുവരുടെയും ദർശനം ലഭിച്ചതിന്റെ ഭാഗ്യം – മോദി ട്വീറ്റ് ചെയ്തു.
രാമേശ്വരത്തേക്കുള്ള പുതിയ പാമ്പൻ പാലം സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ഒന്നിപ്പിക്കുന്നുവെന്ന് പിഎംഓ ഓഫീസ് എക്സിൽ കുറിച്ചു. ശ്രീലങ്കൻ സന്ദർശനം കഴിഞ്ഞെത്തിയ മോദിയെ തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി, തമിഴ്‌നാട് ധനമന്ത്രി തങ്കം തേനരശു, കേന്ദ്ര സഹമന്ത്രി എൽ. മുരുകൻ, ഭാരതീയ ജനതാ പാർട്ടി തമിഴ്‌നാട് യൂണിറ്റ് മേധാവി കെ. അണ്ണാമലൈ, മുതിർന്ന ബിജെപി നേതാക്കൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാമേശ്വരം ദ്വീപിനെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പാലം രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ കടൽ പാലമാണ്. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ 2.2 കിലോമീറ്റർ നീളമുളളതാണ് പുതിയ പാമ്പൻ പാലം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വർഷം മുഴുവനും ഭക്തർ ഒഴുകിയെത്തുന്ന ആത്മീയ കേന്ദ്രമായ രാമേശ്വരവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഈ പാലം സഹായിക്കും.
എൻജിനിയറിംഗ് വിസ്മയങ്ങളിലൊന്നായാണ് പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് പാലം ബലപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള പെയിന്റ്, പൂർണ്ണമായും വെൽഡിംഗ് ചെയ്ത സന്ധികൾ എന്നിവ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇരട്ട റെയിൽ ട്രാക്കുകൾക്കായി പാലം രൂപകൽപ്പന ചെയ്‌തിരിക്കുന്നു, കൂടാതെ നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് പോളിസിലോക്‌സേൻ കോട്ടിംഗ് നൽകിയിട്ടുണ്ട്.
നിർമ്മാണം ഒക്ടോബറോടെ പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകൾ പലവട്ടം നടത്തേണ്ടി വന്നതിനാൽ ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 1914-ൽ പണിത പാമ്പനിലെ ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതിനെത്തുടർന്നാണ് സമാന്തരമായി പുതിയ പാലം നിർമിച്ചത്. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുന്നറിയിപ്പിനെത്തുടർന്ന് 2022 ഡിസംബർ 23 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരത്തിലാണ് പുതിയ പാലം.
ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 700 കോടി രൂപ ചെലവിൽ പുതിയ പാലം പണിതത്. കപ്പലുകൾക്ക് കടന്നുപോകാൻ ഒരു ഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ ‘വെർട്ടിക്കൽ ലിഫ്റ്റിങ്’ പാലമാണിത്. രണ്ടുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമായിരുന്നു പഴയ പാലത്തിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: